കോഴിക്കോട് - ഡി.വൈ.എഫ്.ഐ 14ാം സംസ്ഥാന സമ്മേളനം 11 മുതൽ 14 വരെ കോഴിക്കോട്ട് നടക്കും. ഇതാദ്യമായാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വേദിയാകുന്നത്.
11ന് വൈകിട്ട് ആറിന് പൊതുസമ്മേളന നഗരിയായ കടപ്പുറത്ത് പതാക ഉയർത്തും. പ്രതിനിധി സമ്മേളനം 12, 13, 14 തിയതികളിൽ ടാഗോർ സെന്റിനറി ഹാളിൽ നടക്കും. 12ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമപ്രവർത്തകൻ പി. സായിനാഥ് ഉദ്ഘാടനം ചെയ്യും. അഞ്ച് ട്രാൻസ്‌ജെൻഡർ പ്രതിനിധികൾ ഉൾപ്പെടെ 623 പേർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് 14ന് വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് ഒരു ലക്ഷം പേർ അണിനിരക്കുന്ന യുവജന റാലി നടക്കും. റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, ജനറൽ സെക്രട്ടറി അവോയ് മുഖർജി എന്നിവർ സംസാരിക്കും. 10ന് പതാക, കൊടിമര, ദീപശിഖാ റാലികൾ ആരംഭിക്കും. കൂത്തുപറമ്പ് രക്തസാക്ഷി സ്‌ക്വയറിൽ നിന്നുള്ള പതാക ജാഥ സംസ്ഥാന ട്രഷറർ പി. ബിജുവും ഷിബിൻ രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ദീപശിഖാ ജാഥ കേന്ദ്ര കമ്മിറ്റിയംഗം വി.പി റെജീനയും ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കൊടിമര ജാഥ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് കെ സജീഷും നയിക്കും. 11ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്ത് പതാക, കൊടിമര, ദീപശിഖാ ജാഥകൾ സംഗമിക്കും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ പി. മോഹനൻ പതാക ഉയർത്തും.
സമ്മേളനത്തിന്റെ ഭാഗമായി 10ന് വൈകിട്ട് നാലിന് 'കേരള ബദൽ രാഷ്ട്രീയവും സമ്പദ്ശാസ്ത്രവും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എം.പി വീരേന്ദ്രകുമാർ എംപി എന്നിവർ പ്രഭാഷണം നടത്തും. സംസ്ഥാന സമ്മേളന ഭാഗമായി മാനാഞ്ചിറ ഡിടിപിസി മൈതാനത്ത് പുസ്തകോത്സവം നടന്നുവരികയാണ്. പുസ്തകോത്സവ വേദിയിൽ 8, 9, 11,12, 13 തിയ്യതികളിൽ സാംസ്‌കാരിക സായാഹ്നം നടക്കും.
സംഘാടക സമിതി ചെയർമാൻ പി. മോഹനൻ മാസ്റ്റർ, ജനറൽ കൺവീനർ പി. നിഖിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.