കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ ഹജിന് പോകുന്ന തീർത്ഥാടകർക്ക് വിമാന ടിക്കറ്റിന് 18 ശതമാനം ജി.എസ്.ടി.
ഇന്ത്യയിൽ വിദേശ യാത്രക്കാർക്കുളള വിമാന ടിക്കറ്റിന് അഞ്ചു ശതമാനം മാത്രം ജി.എസ്.ടി ഈടാക്കുമ്പോഴാണ് സർക്കാർ മുഖേന ഹജിന് പോകുന്ന തീർത്ഥാടകർക്ക് 13 ശതമാനം അധിക ജി.എസ്.ടി നൽകേണ്ടിവരുന്നത്.
കഴിഞ്ഞ വർഷം നെടുമ്പാശ്ശേരിയിൽ നിന്ന് വിമാന ടിക്കറ്റിന്മേൽ 11,757 രൂപയാണ് ജി.എസ്.ടിയായി ഈടാക്കിയത്. നെടുമ്പാശ്ശേരിയിൽ നിന്ന് ടിക്കറ്റ് നിരക്ക് 65,318.83 രൂപയായിരുന്നു. ഇതിൽ 18 ശതമാനം ജി.എസ്.ടിയും എയർപോർട്ട് നിരക്കായ 3572 രൂപയും ചേർത്താണ് കഴിഞ്ഞ വർഷത്തെ ഹജ് വിമാന നിരക്കായി 80,648 രൂപ വാങ്ങിയത്.
65,000 മുതൽ 1,13,226 വരെയാണ് ഇന്ത്യയിൽ നിന്നുളള കഴിഞ്ഞ വർഷത്തെ വിമാന ടിക്കറ്റ് നിരക്ക്. ഇന്ത്യയിൽ വിദേശ യാത്ര ചെയ്യുന്ന വിമാന ടിക്കറ്റുകൾക്കെല്ലാം അഞ്ച് ശതമാനം ജി.എസ്.ടി നൽകിയാൽ മതി. ഈ ഗണത്തിലാണ് സ്വകാര്യ ഗ്രൂപ്പുകളും ഉൾപ്പെടുന്നത്. അതിനാൽ സ്വകാര്യ ഗ്രൂപ്പുകളിൽ ഹജിന് പോകുന്നവർക്കും വിമാന നിരക്കിൽ അഞ്ച് ശതമാനം ജി.എസ്.ടി നിരക്ക് നൽകിയാൽ മതി.
ജി.എസ്.ടി പൂർണമായും എടുത്തുകളയുകയോ സാധാരണ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത് പോലെ അഞ്ച് ശതമാനമാക്കി കുറക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മന്ത്രി ഡോ. തോമസ് ഐസക്കിന് നിവേദനം നൽകി. വേണ്ട നടപടികൾ കൈകൊളളാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ചെയർമാൻ പറഞ്ഞു.