കോട്ടയം- കേരള പോലീസിന്റെ ട്രാഫിക് വിഭാഗത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പേരില്‍ തട്ടിപ്പ്. നൂറുകണക്കിന് ആളുകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു. കോട്ടയം കടുവാക്കുളം എമ്മാവൂസ് പബ്ലിക്ക് സ്‌കൂളില്‍ നടന്ന റിക്രൂട്ട്മെന്റ് റാലിയുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേല്‍ പി.പി ഷൈമോന്‍ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയില്‍ സനിതാമോള്‍ ഡേവിഡ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേരള പോലീസിന്റെ ട്രാഫിക് വിഭാഗത്തിലേയ്ക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതായി അറിയിച്ചാണ് ഉദ്യോഗാര്‍ഥികളെ ഇവര്‍ വിളിച്ചിരുന്നത്.
പ്രമുഖ പത്രത്തില്‍ കേരള പോലീസിന്റെ ട്രാഫിക് ട്രെയിനിംഗ് പോലീസ് ഫോഴ്സിലേയ്ക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതായി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 11 ന് രാവിലെ എട്ടിന് ആലപ്പുഴ മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ ടെസ്റ്റ് നടത്തുമെന്നായിരുന്നു വാര്‍ത്ത. ഇത് കണ്ട് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കടുവാക്കുളം എമ്മാവൂസ് പബ്ലിക്ക് സ്‌കൂളില്‍ നടക്കുന്ന റിക്രൂട്ട്മെന്റിനെപ്പറ്റി വിവരം ലഭിച്ചത്. തുടര്‍ന്ന്, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ വിവരം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനെ അറിയിച്ചു.
പോലീസ് സംഘം ചെല്ലുമ്പോള്‍ മൂന്ന് സ്ത്രീകള്‍ അടക്കം 15 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കിയ ശേഷമുള്ള പരിശീലനമാണ് നടന്നിരുന്നത്. വാട്സ്അപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചാണ് തട്ടിപ്പ് സംഘം ആളുകളെ കൂട്ടിയിരുന്നത്. കഴിഞ്ഞ മാസം 28 ന് എമ്മാവൂസ് സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ 76 ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. ഈ പരീക്ഷയ്ക്ക് മുന്നോടിയായി ഇവരെ ചേര്‍ത്ത് ഒരു വാട്സ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു. പരീക്ഷ കഴിഞ്ഞതിനു പിന്നാലെ വാട്സ്അപ്പ് ഗ്രൂപ്പ് പിരിച്ച് വിട്ടു.
ഇതിനു ശേഷം പോലീസ് സേനയിലേക്ക് പതിനഞ്ച് പേരെ റിക്രൂട്ട് ചെയ്തതായുള്ള സന്ദേശം എത്തി. ഇവരില്‍നിന്ന് 3000 രൂപയാണ് ഫീസായി ഈടാക്കിയിരുന്നത്.
ജോലിയ്ക്ക് ചേര്‍ന്ന ഇവര്‍ക്കുള്ള പരിശീലനമാണ് മൂന്നു ദിവസമായി ഇമ്മാവൂസ് സ്‌കൂള്‍ മൈതാനത്ത് നടന്നിരുന്നത്. 200 മീറ്റര്‍ ഓട്ടവും പുഷ്അപ്പ് പരീശീലനവും, വിവിധ പരിശീലന മുറകളുമാണ് നടന്നിരുന്നത്. ഇതുകൂടാതെ, സല്യൂട്ട് അടിക്കുന്നതിനും, പരേഡിനുമുള്ള പരിശീലനവും നല്‍കിയിരുന്നു. കേസില്‍ ആറു പ്രതികളാണ് ഉള്ളത്. പിടികൂടുമ്പോള്‍ കേസിലെ പ്രധാന പ്രതിയായ ബിജോയ് പോലീസിന്റെ നീലയോട് സാമ്യമുള്ള ടീഷര്‍ട്ടാണ് ധരിച്ചിരുന്നത്. ട്രാഫിക് ട്രെയിന്‍ഡ് പോലീസ്് എന്ന ലോഗോയും പേരും ഇതില്‍ എഴുതിയിരുന്നു. മൂന്നു പേരെ കൂടി പിടികൂടാനുണ്ട്.