Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എൻ.ഡി.എ രഥയാത്രക്ക് നേരെ കാലിക്കടവിൽ അക്രമം; ശ്രീധരൻ പിള്ളയുടെ കാറിന് കല്ലേറ് 

കാസർകോട്- എൻ.ഡി.എ രഥയാത്രക്ക് നേരെ കാസർകോട് ജില്ലയിലെ കാലിക്കടവിൽ ഒരു സംഘം ആളുകൾ കല്ലെറിഞ്ഞു. യാത്രയുടെ ലീഡർ പി.എസ് ശ്രീധരൻ പിള്ളയുടെ വാഹനം തടഞ്ഞുനിർത്തിയ ശേഷമാണ് പോർവിളിയും കല്ലേറും നടന്നത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. നീലേശ്വരത്തെ സ്വീകരണ പരിപാടി കഴിഞ്ഞതിന് ശേഷം പയ്യന്നൂരിലെ ആദ്യ ദിവസത്തെ സമാപന സ്ഥലത്തേക്ക് പോകുമ്പോഴാണ് അക്രമം നടന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ പിള്ളയുടെ വാഹനത്തിന് തന്നെ കല്ലുകൾ വന്നുവീണു. ഇതേ തുടർന്ന് ശ്രീധരൻ പിള്ള ഒഴികെയുള്ള ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ, എം.ടി രമേശ്, കെ. സുരേന്ദ്രൻ തുടങ്ങിയ നേതാക്കളെല്ലാം കാറിൽനിന്ന് റോഡിൽ ഇറങ്ങി. നൂറുകണക്കിന് പോലീസ് ഇവരെ വളഞ്ഞുനിന്നു. സി.പി.എം പ്രവർത്തകരും സംഘടിച്ചു നിന്നിരുന്നു. ഈ യാത്ര മുന്നോട്ടുപോകണമെങ്കിൽ കല്ലേറ് നടത്തിയവർക്ക് നേരെ നടപടി വേണമെന്നും ഇല്ലെങ്കിൽ യാത്ര ഇവിടെ അവസാനിപ്പിക്കാമെന്നും ബി.ജെ.പി നേതാക്കൾ സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി ശ്രീനിവാസ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി കെ സുധാകരൻ എന്നിവരോട് ആവശ്യപ്പെട്ടു . തുടർന്ന് നടപടി എടുക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയ ശേഷമാണ് യാത്ര പ്രയാണം തുടർന്നത്. യാത്രയിലെ വാഹനങ്ങളെല്ലാം സ്ഥലത്തെത്തിയതിനെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരെ ഗതാഗതം സ്തംഭിക്കുകയും ചെയ്തു. സി പി എമ്മിന്റെ കാടൻ നടപടിയുടെ ഭാഗമാണ് ഈ അക്രമമെന്ന് ബി ജെ പി നേതാക്കൾ ആരോപിച്ചു. ഒരു പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടിന് യാത്ര നടത്താൻ കഴിയാത്ത വിധം കേരളത്തിലെ ക്രമസമാധാന രംഗം തകർന്നുകഴിഞ്ഞതായും ഇവർ പറഞ്ഞു. അതേസമയം കാലിക്കടവിലെ സംഭവവുമായി സി പി എമ്മിന് യാതൊരു ബന്ധവും ഇല്ലെന്നും ഏതോ സാമൂഹ്യ് വിരുദ്ധർ ചെയ്ത കാര്യം സി പി എമ്മിന്റെ തലയിൽ കെട്ടിവെക്കേണ്ടെന്നും സി പി എം ജില്ലാ സെക്ടറി എം വി ബാലകൃഷ്ണനും പറഞ്ഞു. അക്രമത്തിൽ പ്രതിഷേധിച്ചു ഇന്ന് കരിദിനം ആചരിക്കാൻ എൻ ഡി എ അഹാനം ചെയ്തിട്ടുണ്ട്‌
 

Latest News