കുവൈത്ത് സിറ്റി- രാജ്യാന്തര തലത്തില്‍ എണ്ണ വിപണിയില്‍ മാ്റ്റങ്ങള്‍ക്കിടയാക്കും വിധം ഇതാദ്യമായി കുവൈത്ത് ലൈറ്റ് ക്രൂഡ് കയറ്റുമതി ആരംഭിച്ചു. ആദ്യ ഷിപ്പ്‌മെന്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഫ്‌ളാഗ് ഓഫ് ചെയ്തു.
എണ്ണഖനനം ആരംഭിച്ച കാലംതൊട്ടു കുവൈത്തില്‍നിന്നു കയറ്റി അയക്കുന്നതു ഹെവി ക്രൂഡ് ആണ്. ലൈറ്റ് ക്രൂഡ് ശേഖരവും കുവൈത്ത് പരിധിയില്‍ ഉണ്ടെന്നു കണ്ടുപിടിച്ചത് ഈയിടെയായിരുന്നു. തുടര്‍ന്നു കയറ്റുമതി സാധ്യമാകുംവിധം ഖനനം സജീവമാക്കുകയായിരുന്നു.
സംസ്‌കരണത്തിന് എളുപ്പമാണു ലൈറ്റ് ക്രൂഡിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഹെവി ക്രൂഡിലേതിനെക്കാള്‍ എളുപ്പത്തില്‍ ലൈറ്റ് ക്രൂഡില്‍നിന്നു പെട്രോളും ഡീസലും മണ്ണെണ്ണയും വേര്‍തിരിച്ചെടുക്കാനാകും എന്നതാണു പ്രത്യേകത. വെള്ളത്തിനു സമാനമാണു ലൈറ്റ് ക്രൂഡിന്റെ ചലനശേഷി. ഉല്‍പാദനച്ചെലവു കുറഞ്ഞ ലൈറ്റ് ക്രൂഡ് കയറ്റുമതി വന്‍തോതില്‍ സാധ്യമാകുന്നതോടെ രാജ്യത്തിന്റെ സമ്പദ്ഘടനയിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. എണ്ണമേഖലയില്‍ ചരിത്രപരമായ മാറ്റത്തിനു വഴിവെക്കുന്ന ആദ്യ ഷിപ്പ്‌മെന്റ് ഉദ്ഘാടനച്ചടങ്ങ് പ്രൗഢമായിരുന്നു.