ദുബായ്- പ്രധാന ഹൈവേകളില്‍ അമിത വേഗത്തില്‍ വാഹനങ്ങള്‍ പായിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. മാരകമായ അപകടങ്ങള്‍ക്കിടയാക്കുന്ന ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കണമെന്നും അല്ലെങ്കില്‍ കനത്ത പിഴയും ശിക്ഷയും ഏറ്റുവാങ്ങേണ്ടി വരുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം എമിറേറ്റിലെ റോഡുകളില്‍ അപകടപരമ്പര തന്നെയുണ്ടായി. ഇതില്‍ മിക്കതും അമിതവേഗം മൂലമുള്ള അപകടങ്ങളായിരുന്നു എന്നതാണ് പോലീസ് മുന്നറിയിപ്പിന് കാരണം.
വേഗപരിധി നിര്‍ബന്ധമായും പാലിക്കാന്‍ ഡ്രൈവര്‍മാര്‍ തയാറാകണമെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച ദുബായുടെ വിവിധ ഭാഗങ്ങളില്‍ നാല് വലിയ അപകടങ്ങളുണ്ടായി. രാവിലെ ഏഴിനും ഒമ്പതിനുമിടയിലായിരുന്നു ഇവ. ഇത് പ്രധാന റോഡുകളില്‍ വലിയ ഗതാഗത തടസ്സത്തിനുമിടയാക്കി.
വേഗപരിധി പാലിക്കാത്തതിന് ഇക്കൊല്ലം ഇതുവരെ 2,60,000 പേര്‍ക്കാണ് പിഴയടക്കേണ്ടിവന്നത്. നിശ്ചിത വേഗ പരിധി ലംഘിച്ചാല്‍ വാഹനത്തിന്റെ വേഗം അനുസരിച്ച് ആയിരം ദിര്‍ഹം വരെ പിഴയും കൂടാതെ വാഹനം പിടിച്ചെടുക്കലും ഉണ്ടാകാം.