Sorry, you need to enable JavaScript to visit this website.

ദുബായ് ഹോളി ഖുര്‍ആന്‍ മത്സരത്തിന് മലപ്പുറത്ത് നിന്ന് കര്‍ണാടക മന്ത്രി യു.ടി ഖാദറിന്റെ മകള്‍

ദുബായ്- നവംബര്‍ 16 വരെ ദുബായില്‍ നടക്കുന്ന മൂന്നാമത് ശൈഖ് ഫാത്തിമ ബിന്‍ത് മുബാറക് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുക്കാനായി ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ മലപ്പുറം മഅ്ദിന്‍ അക്കാദമി വിദ്യാര്‍ത്ഥിനി ഹവ്വ നസീമയുടെ യാത്രയ്ക്കു പിന്നില്‍ മറ്റൊരു രഹസ്യമുണ്ട്. കര്‍ണാടക നഗരവികസന മന്ത്രി യു.ടി ഖാദറിന്റെ മകളാണ് ഓമ്പതാം ക്ലാസുകാരി ഹവ്വ. വര്‍ഷങ്ങള്‍ക്കു മുമ്പ് മക്കയില്‍ ഉംറ നിര്‍വഹിക്കാന്‍ ഖാദര്‍ കുടുംബ സമേതം എത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടായ വഴിത്തിരിവാണ് ഹവ്വയെ ഖുര്‍ആന്‍ മനപ്പാഠമാക്കുന്നതില്‍ എത്തിച്ചത്. അന്ന് കൊച്ചു കുട്ടിയായ ഹവ്വയെ ഹറമില്‍ വച്ച് കാണാതായി. ഖാദറും ഭാര്യയും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ ലമീസയും ഹറമില്‍ അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഉമ്മ ലമീസ ഹറമില്‍ വച്ച് കണ്ണീരോടെ പ്രാര്‍ത്ഥിച്ച് ഒരു പ്രതിജ്ഞ ചെയ്തു. മകളെ തിരികെ കിട്ടിയാള്‍ അവളെ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും ഹൃദിസ്തമാക്കിക്കുമെന്നായിരുന്നു ആ പ്രതിജ്ഞ. തൊട്ടടുത്ത ദിവസം ഹവ്വയെ ദൈവാനുഗ്രഹത്താല്‍ ഹറമില്‍ നിന്നു തന്നെ കണ്ടെത്തുകയും ചെയ്തു.

എട്ടാം വയസ്സിലാണ് ഹവ്വ ഖുര്‍ആന്‍ പഠനം ആരംഭിച്ചത്. അന്ന് മൂന്നാം ക്ലാസിലായിരുന്നു. 11 വയസ്സായപ്പോഴേക്കും ഖുര്‍ആന്‍ പൂര്‍ണമായും മനപ്പാഠമാക്കി. ഇതിനു പുറമെ ഇംഗ്ലീഷ്, കന്നട, മലയാളം, ഹിന്ദി, ഉര്‍ദു, തമിഴ് എന്നീ ഭാഷകളും പഠിച്ചു. ഇപ്പോള്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ കീഴിലുള്ള പെണ്‍കുട്ടികള്‍ക്കായുള്ള ഖുര്‍ആന്‍ പഠന കേന്ദ്രമായ മഅ്ദിന്‍ ക്യൂ ലാന്റില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കാസര്‍ഗോഡ് സ്വദേശിനിയാണ് ഉമ്മ ലമീസ. 

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മേല്‍നോട്ടത്തില്‍ വനിതകള്‍ക്കായി നടത്തുന്ന ആഗോള മത്സരത്തില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുത്. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പത്‌നി ശൈഖാ ഫാത്തിമാ ബിന്‍ത് മുബാറകിന്റെ പേരില്‍ സംഘടിപ്പിക്കുന്ന ഹോളി ഖുര്‍ആന്‍ മത്സരം 2016ലാണ് ആരംഭിച്ചത്. മത്സരത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ 25 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം നല്‍കുന്നത്. ദുബായ് അല്‍ മംജൂര്‍ സൈന്റിഫിക് കള്‍ച്ചറല്‍ അസോസിയേഷനില്‍ നടക്കുന്ന മത്സരത്തിന് ഒന്നാം സമ്മാനമായി ഏകദേശം 50 ലക്ഷം ഇന്ത്യന്‍ രൂപ (രണ്ടര ലക്ഷം ദിര്‍ഹം) യും ഹോളി ഖുര്‍ആന്‍ അവാര്‍ഡുമാണ് യു എ ഇ സര്‍ക്കാര്‍ നല്‍കുന്നത്. 

Latest News