തിരുവനന്തപുരം- ഡിവൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയിട്ട സനല്‍ കുമാര്‍ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരമാസകലം ക്ഷതമേറ്റിരുന്നുവെന്നും വാരിയെല്ലും കൈയും ഒടിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കാറിടിച്ചതിനെ തുടര്‍ന്ന് പത്ത് മീറ്ററിലധികം ദൂരത്തേക്ക് തെറിച്ച് വീണപ്പോള്‍ തലയ്ക്കുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയത്. രാസ പരിശോധനാ ഫലം കൂടി ലഭിച്ചശേഷം രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറും. നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ, ഡിവൈ.എസ.്പി ബി.ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഡിവൈ.എസ്.പിയുമായി റോഡില്‍ തര്‍ക്കിച്ചു കൊണ്ടിരിക്കെയാണ് യുവാവ് വാഹനമിടിച്ച് മരിച്ചത്. സനലിനെ ഡിവൈ.എസ്.പി ഹരികുമാര്‍ തള്ളിയപ്പോഴായിരുന്നു അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.