Sorry, you need to enable JavaScript to visit this website.

ഒരു വർഷം നീണ്ട നിയമ പോരാട്ടം വിജയം കണ്ടു;  ദുരിതത്തിലായ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി

നാട്ടിലേക്ക് തിരിക്കുന്ന തൊഴിലാളികൾക്ക് കൾച്ചറൽ ഫോറം പ്രവർത്തകർ ഉപഹാരം കൈമാറുന്നു.

ദോഹ - ഖത്തറിലെ ഒരു നിർമാണ കമ്പനിയിൽ ജോലി നഷ്ടപ്പെട്ട് ഒരു വർഷത്തിലധികമായി കഷ്ടപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള 13 തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. വർഷങ്ങളായി ജോലി ചെയ്തിരുന്ന കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിക്കുകയും ആനുകൂല്യങ്ങൾ നൽകാതെ നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ അവകാശങ്ങൾ ലഭിക്കാതെ നാട്ടിൽ പോകാൻ സന്നദ്ധമല്ലെന്ന് തൊഴിലാളികൾ അറിയിച്ചതോടെ പ്രശ്‌നങ്ങൾ ആരംഭിച്ചു. തുടർന്ന് ഭക്ഷണം, വെള്ളം ഉൾപ്പെടെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും ഇവർ ബുദ്ധിമുട്ടിലായി. കൾച്ചറൽ ഫോറവും ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐ.സി.ബി.എഫും സഹായത്തിനെത്തിയതാണ് തൊഴിലാളികൾക്ക് ആശ്വാസമായത്. ഇവരുടെ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ട കൾച്ചറൽ ഫോറം പ്രവർത്തകൾ ഭക്ഷ്യ വസ്തുക്കളും വെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കി. ഐ.സി.ബി.എഫിൽ നിന്നും മറ്റു ജീവകാരുണ്യ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും വസ്തുകൾ ശേഖരിച്ചാണ് ഒരു വർഷത്തിലധികമായി ഇവർക്കുവേണ്ട സൗകര്യങ്ങൾ കൾച്ചറൽ ഫോറം പ്രവർത്തകൾ ഒരുക്കിയത്. ഇവരുടെ നാട്ടിലുള്ള കുട്ടികളുടെ പഠന കാര്യങ്ങളിലും വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട് കൾച്ചറൽ ഫോറം പ്രവർത്തകർ പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്നു.
ഖത്തർ തൊഴിൽ നിയമമനുസരിച്ചുള്ള സേവനാനന്തര ആനുകൂല്യങ്ങൾക്കായി കോടതിയെ സമീപിച്ച് മുഴുവൻ ആനുകൂല്യങ്ങളും നേടി എടുത്താണ് തൊഴിലാളികൾ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടി വന്നെങ്കിലും അധികൃതരുടെയും കോടതിയുടെയും ഇടപെടൽ തങ്ങൾക്ക് തുണയായതായി തൊഴിലാളികൾ പറഞ്ഞു. ദുരിതഘട്ടത്തിൽ വേണ്ട സഹായങ്ങളും പിന്തുണയും നൽകിയ കൾച്ചറൽ ഫോറം, ഐ.സി.ബി.എഫ് പ്രവർത്തകരോട് തീർത്താൽ തീരാത്തത്ര കടപ്പാടുണ്ടെന്നും ഇവർ പറഞ്ഞു. നാട്ടിലേക്ക് തിരിച്ച തൊഴിലാളികളെ കൾച്ചറൽ ഫോറം സംസ്ഥാന സമിതി അംഗം നിസാർ കെ.വി, ഫോറം ജനസേവന വിഭാഗം പ്രവർത്തകരായ സിദ്ദീഖ്, അസ്ഹർ അലി, സൈനുദ്ദീൻ നാദാപുരം, ഫാസിൽ കണ്ണൂർ, ഹാഷിം ആലപ്പുഴ തുടങ്ങിയവർ ഹമദ് വിമാനത്താവളത്തിൽ യാത്രയാക്കി. നിയമ പോരാട്ടത്തിലൂടെ അവകാശങ്ങൾ നേടി എടുക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും തൊഴിൽ പ്രശന്ങ്ങൾ നേരിടുമ്പോൾ  കാത്തിരിക്കേണ്ടി വന്നാലും നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്ന് കൾച്ചറൽ ഫോറം ജനസേവന വിഭാഗം കൺവീനർ മുഹമ്മദ് കുഞ്ഞി പറഞ്ഞു. 
 

Latest News