Sorry, you need to enable JavaScript to visit this website.

ജിദ്ദ എയർപോർട്ടിൽ സൗദിവൽക്കരണം 

ജിദ്ദ - സൗദിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നീക്കം തുടങ്ങി. ഇതേക്കുറിച്ച് വിശകലനം ചെയ്യുന്നതിന് ജിദ്ദ എയർപോർട്ടിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഡയറക്ടർമാരെയും മാനവ ശേഷി വിഭാഗം മേധാവികളെയും പങ്കെടുപ്പിച്ച് മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ആസ്ഥാനത്ത് ഇന്നലെ യോഗം വിളിച്ചുചേർത്തു. 
സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിവരികയാണെന്ന് യോഗത്തിൽ സംസാരിച്ച മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുല്ല ആലുതാവി പറഞ്ഞു. ജിദ്ദ വിമാനത്താവളത്തിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് മന്ത്രാലയം ആഗ്രഹിക്കുന്നു. സൗദിവൽക്കരണം ഉയർത്തുന്നതിന് സഹായകമായ തീരുമാനങ്ങൾ യോഗത്തിൽ ഉരുത്തിരിയണമെന്നാണ് ആഗ്രഹിക്കുന്നത്. സൗദിവൽക്കരണ പ്രക്രിയയിൽ സ്വകാര്യ മേഖല തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പങ്കാളിയാണ്. സൗദിവൽക്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സ്വകാര്യ മേഖലയുമായി മന്ത്രാലയം ശക്തമായി സഹകരിക്കുമെന്നും അബ്ദുല്ല ആലുതാവി പറഞ്ഞു.
തൊഴിൽ വിപണിയിൽ ലഭ്യമായ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് നീക്കിവെക്കേണ്ടത് ഏറെ പ്രാധാന്യം അർഹിക്കുന്നതായി യോഗത്തിൽ സംസാരിച്ച ജിദ്ദ എയർപോർട്ട് ഡയറക്ടർ ജനറൽ ഉസാം നൂർ പറഞ്ഞു. മികച്ച യോഗ്യതകളും ഉയർന്ന കഴിവുകളുമുള്ള യുവാക്കളെയാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോൾ വാർത്തെടുക്കുന്നത്. ഇത് എല്ലാവർക്കും അഭിമാനകരമാണ്. തൊഴിൽ വിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പരിശീലനങ്ങളിലൂടെ സൗദി യുവാക്കളെ പ്രാപ്തരാക്കേണ്ടത് സ്വകാര്യ മേഖലയുടെ ചുമതലയാണെന്നും ജിദ്ദ എയർപോർട്ട് ഡയറക്ടർ ജനറൽ പറഞ്ഞു. ജിദ്ദ എയർപോർട്ടിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കുന്നതിന് യോഗത്തിൽ ധാരണയായി. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്നതിന് കമ്പനി ഡയറക്ടർമാരെയും മാനവ ശേഷി വിഭാഗം മേധാവികളെയും പങ്കെടുപ്പിച്ച് മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ആസ്ഥാനത്ത് ഇന്നലെ വിളിച്ചുചേർത്ത യോഗം
 

Latest News