റിയാദ് - സുൽഫിയിൽ സലൂണിലേക്ക് കാർ പാഞ്ഞുകയറിയതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചത് വിദേശി പൗരൻ. മറ്റൊരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. സ്ഥാപനത്തിലെ മറ്റു ജീവനക്കാരും ഉപയോക്താക്കളും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സമീപത്തെ ബേക്കറിയിൽ നിന്ന് റൊട്ടി വാങ്ങി പുറത്തിറങ്ങിയ വൃദ്ധനാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികളിൽ ഒരാൾ പറഞ്ഞു. ബേക്കറിയിൽനിന്ന് പുറത്തിറങ്ങി കാറിൽ കയറിയ വൃദ്ധൻ പാർക്കിംഗിൽ നിന്ന് പുറത്തുകടക്കുന്നതിന് കാർ പിന്നോട്ടെടുത്തു. ഈ സമയത്ത് റോഡിലൂടെ കടന്നുപോവുകയായിരുന്ന മറ്റൊരു കാറിൽ വൃദ്ധന്റെ കാറിടിച്ചു. ഇക്കാര്യം കാർ ഡ്രൈവറെ ഉണർത്തുന്നതിന് രണ്ടാമത്തെ കാർ ഡ്രൈവർ നിർത്താതെ ഹോണടിച്ചു. അപകടം നടന്നത് മനസ്സിലാക്കിയ വൃദ്ധൻ ഗിയർ മാറ്റി കാർ മുന്നോട്ടെടുക്കുകയും അറിയാതെ ആക്‌സിലേറ്ററിൽ ആഞ്ഞമർത്തുകയുമായിരുന്നു. മുന്നോട്ടു കുതിച്ച കാർ സലൂണിനു സമീപമുള്ള ബഖാലക്കു മുന്നിൽ നിർത്തിയിട്ട മറ്റൊരു കാറിനു പിന്നിൽ അതിശക്തിയിൽ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ട കാർ മുന്നോട്ടുനീങ്ങി. ഇതിനിടെ വൃദ്ധന്റെ കാർ അതിവേഗത്തിൽ സലൂണിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഈ സമയത്ത് സലൂൺ ജീവനക്കാരിൽ ഒരാൾ കസേരയിൽ വിശ്രമിക്കുകയായിരുന്നു. കാർ പാഞ്ഞുകയറുന്നത് കണ്ട് തൊഴിലാളി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാറിനും സലൂണിലെ പിൻവശത്തെ ചുമരിനും ഇടയിൽ കുടുങ്ങി ചതഞ്ഞരഞ്ഞാണ് തൊഴിലാളി മരിച്ചത്. സലൂണിന്റെ ഇടതുഭാഗത്ത് മറ്റു രണ്ടു ബാർബർമാർ ഉപയോക്താക്കളുടെ മുടി വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. കാർ പാഞ്ഞുകയറുന്നത് ശ്രദ്ധയിൽ പെടാത്തതിനാൽ ഇവർ സ്ഥലത്തുനിന്നും നീങ്ങിയില്ല. ഇതുമൂലം ഇവർ രക്ഷപ്പെടുകയായിരുന്നു. 25 വർഷമായി സുൽഫിയിൽ ബാർബറായി ജോലി ചെയ്തുവന്ന വിദേശിയാണ് അപകടത്തിൽ ദാരുണമായി മരിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും സലൂണിലെ ക്യാമറകളും പകർത്തിയിട്ടുണ്ട്. ഈ ക്ലിപ്പിംഗുകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.