തായിഫ്- വിസ എജന്റുമാരുടെ വാഗ്ദാനങ്ങളിൽ കുടുങ്ങി സൗദിയിൽ ശുചീകരണ ജോലിക്കെത്തി ദുരിതത്തിലായ മലയാളി വനിതകളുടെ കേസിൽ പുരോഗതി. സജിമോൾ കെ. ജോയ്, റസിയ ബീവി, ദീപ്തി മനോഹരൻ നായർ, സിന്ധു തങ്കമ്മ, ഷിനമോൾ ജബ്ബാർ, സിമി ബീഗം, ജയാ രാജൻ, സിന്ധു ഗിരിഷ്, സൗമി യൂസഫ് എന്നീ ഒമ്പത് മലയാളി വനിതകളാണ് തായിഫിലെത്തി മാസങ്ങളോളം ശമ്പളമില്ലാതെ വലഞ്ഞത്. ഇവരുടെ കേസ് നടത്തുന്നതിന് മേൽനോട്ടം വഹിക്കുന്ന സി.സി.ഡബ്ല്യൂ പ്രതിനിധി മുഹമ്മദ് സാലി ഇന്നലെ തായിഫ് ലേബർ കോടതി മേധാവി ആദിൽ വഗ്ദാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരുടെ സ്‌പോൺസർ അടുത്ത ആഴ്ചയിൽ ശമ്പള കുടിശ്ശിക നൽകാൻ സമ്മതിച്ചതായി ലേബർ കോടതി മേധാവി അറിയിച്ചുവെന്ന് മുഹമ്മദ് സാലി മലയാളം ന്യൂസിനോട് പറഞ്ഞു. വീഴ്ച ഉണ്ടായാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും ആദിൽ വഗ്ദാനി സ്‌പോൺസർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവരിൽ സജിമോൾ, ദീപ്തി, സിന്ധു തങ്കമ്മ, ജയാ രാജൻ എന്നിവർ തിരുവനന്തപുരം സ്വദേശികളും സിന്ധു ഗിരിഷ് കൊല്ലം ജില്ലക്കാരിയുമാണ്. റസിയ ബീവിയും സിമി ബീഗവും ആലപ്പുഴ ജില്ലക്കാരും സൗമി, ഷിനമോൾ എന്നിവർ കോട്ടയം സ്വദേശികളുമാണ്.
ആറ് മാസം മുമ്പാണ് വിവിധ ഘട്ടങ്ങളിലായി ഇവർ തായിഫ് സെയിൽ അൽകബീറിലെ മിഖാത്ത് മസ്ജിദിൽ ശുചീകരണ ജോലിക്കെത്തിയത്. ഇവരുടെ കൂടെ ജോലിക്കെത്തിയ ഒരു സ്ത്രീ സുഖമില്ലാത്തതിനാൽ ആദ്യമേ നാട്ടിലേക്ക് മടങ്ങിയിരുന്നു. തങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഇവർ ജിദ്ദ കോൺസുലേറ്റിൽ പരാതി നൽകിയിരുന്നു. കോൺസുലേറ്റ് അധികൃതർ കമ്പനി മേധാവികളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ നിയമ നടപടികൾക്ക് കോൺസുലേറ്റ് അധികൃതർ തായിഫ് കെ.എം.സി.സി പ്രസിഡന്റ് കൂടിയായ മുഹമ്മദ് സാലിഹിന് സമ്മതപത്രം നൽകി. സാലിയുടെ സഹായത്തോടെയാണ് ഇവർ ലേബർ കോടതിയെ സമീപിച്ചത്.
മക്ക മസ്ജിദുൽ ഹറാം, യൂനിവേഴ്‌സിറ്റി, ആശുപത്രി എന്നിവിടങ്ങളിൽ ശുചീകരണം, 1500 റിയാൽ ശമ്പളം, ഭക്ഷണം, എട്ട് മണിക്കൂർ ജോലി, ഓവർ ടൈം എന്നിങ്ങനെയായിരുന്നു വിസ ഏജന്റുമാരുടെ വാഗ്ദാനങ്ങൾ. കേരളത്തിലെ വിവിധ സ്വകാര്യ ട്രാവൽസ് വഴിയാണ് ഇവർ സൗദിയിലെത്തിയത്. 85,000 രൂപ മുതൽ ഒരു ലക്ഷം വരെ ഇവർ വിസക്ക് ചെലവാക്കിയിട്ടുണ്ട്. ഭൂരിഭാഗം പേർക്കും ഇഖാമ ലഭിച്ചിട്ടില്ല. മൂന്ന് പേർക്ക് ഗാർഹിക തൊഴിലാളികളുടെ ഇഖാമയാണ് കിട്ടിയത്. യഥാർഥ എഗ്രിമെന്റ് രേഖകളും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. സൗദിയിലേക്ക് വരുന്ന സമയത്ത് കൊല്ലം സ്വദേശികളായ രണ്ട് പേരെ നെടുമ്പാശ്ശേരി എമിഗ്രേഷൻ വിഭാഗം ഇവരുടെ കൈവശമുള്ള എഗ്രിമെന്റ് വ്യാജമാണെന്ന് കണ്ട് മടങ്ങിപ്പോകാൻ അവശ്യപ്പെട്ടിരുന്നു.