Sorry, you need to enable JavaScript to visit this website.

തിരൂരിൽ വാഗൺ ട്രാജഡി ചിത്രം മായ്ച്ച സംഭവം:  നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി

തിരൂർ-വാഗൺ ട്രാജഡി ചുമർ ചിത്രം തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്നു നീക്കം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. 
ചിത്രം നീക്കം ചെയ്തതു സ്വതന്ത്ര്യസമരത്തെ അവഹേളിക്കലാണെന്നും നടപടിക്കെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധമുയർത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 
ഇന്ത്യൻ റെയിൽവേ പോലുള്ള പൊതുസ്ഥാപനം സംഘപരിവാറിൻറെ താൽപര്യത്തിനു വഴങ്ങി വാഗൺ ട്രാജഡി ചിത്രം മാറ്റാൻ തീരുമാനിച്ചതു ദേശവിരുദ്ധ നടപടിയായേ കാണാൻ കഴിയൂവെന്നും നടപടി തിരുത്തണമെന്നു റെയിൽവെയോടു ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി. റെയിൽവെ സ്റ്റേഷനുകൾ ഭംഗിയാക്കാൻ ഇന്ത്യൻ റെയിൽവെ ദേശീയതലത്തിൽ നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായാണ് ചരിത്രസംഭവങ്ങളും സാംസ്‌കാരിക മുന്നേറ്റങ്ങളും അടയാളപ്പെടുത്താനുളള തീരുമാനമുണ്ടായത്. 
ദേശീയമായും പ്രാദേശികമായും പ്രാധാന്യമുളള ചരിത്ര സംഭവമെന്ന നിലയിൽ തിരൂർ റെയിൽവെ സ്റ്റേഷനിൽ വാഗൺ ട്രാജഡിയുടെ ചുമർ ചിത്രവും ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛൻറെ ചിത്രവും വരച്ചിരുന്നു. 
എന്നാൽ ചില സംഘപരിവാർ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടർന്നു ചിത്രം നീക്കാൻ റെയിൽവെയുടെ ഉന്നത അധികാരികൾ തീരുമാനിക്കുകയാണുണ്ടായതെന്നു മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ബ്രിട്ടീഷുകാർക്കെതിരെ ദേശീയതലത്തിൽ വലിയ പ്രതിഷേധമുയർത്തിയ സംഭവമായിരുന്നു ജാലിയൻ വാലാബാഗിനെ അനുസ്മരിപ്പിക്കുന്ന വാഗൺ ട്രാജഡി.  
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണാധികാരം ഉപയോഗിച്ച് ഇന്ത്യയുടെ ചരിത്രം വികൃതമായി മാറ്റിയെഴുതാൻ ആർഎസ്എസ് നടത്തുന്ന ശ്രമങ്ങൾ നമുക്കറിയുന്നതാണ്. ഇപ്പോൾ സ്വാതന്ത്ര്യസമരം എന്നു കേൾക്കുന്നതു തന്നെ ഇക്കൂട്ടർക്ക് അലർജിയായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിനു ഒരു പങ്കുമില്ലെന്നതു ചരിത്ര സത്യമാണ്. 
സന്ദർഭം കിട്ടിയപ്പോഴെല്ലാം ബ്രിട്ടീഷുകാർക്കു വേണ്ടി വിടുവേല ചെയ്ത പാരന്പര്യമാണ് ആർഎസ്എസിനുളളതെന്നും ഇത്തരം ആളുകൾ ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവർണ ഏടുകൾ ഓർക്കാൻ തന്നെ ഭയപ്പെടുന്നതിൽ അത്ഭുതമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Latest News