പാലക്കാട് - അവിശ്വാസപ്രമേയത്തിനു തൊട്ടുമുമ്പ് രാജിവെച്ച കോൺഗ്രസ് കൗൺസിലർ ബി.ജെ.പിയിലേക്ക്. പ്രഖ്യാപനം നടത്തിയത് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച്. അവിശ്വാസപ്രമേയം ചർച്ചക്കെടുക്കുന്നതിന്റെ തലേന്ന് നഗരസഭാ സെക്രട്ടറിയുടെ താമസസ്ഥലത്ത് എത്തി രാജിക്കത്ത് നൽകിയ ശരവണനാണ് ഇന്നലെ സന്ധ്യക്ക് നാടകീയമായി ബി.ജെ.പി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടി മാറുന്ന വിവരം പ്രഖ്യാപിച്ചത്. രാജിവെച്ച കൗൺസിലർ ബി.ജെ.പിയിൽ എത്തുമെന്ന് നേരത്തേ തന്നെ അഭ്യൂഹം പരന്നിരുന്നു.
ഞായറാഴ്ച വൈകീട്ട് അപ്രത്യക്ഷനായ ശരവണനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതിക്കെതിരേ യു.ഡി.എഫും എൽ.ഡി.എഫും യോജിച്ച് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെടുന്നതിന് വഴിയൊരുക്കിയത്. 52 അംഗ സഭയിൽ 27 പേരുടെ പിന്തുണയുണ്ടെങ്കിലേ അവിശ്വാസപ്രമേയം പാസാകുമായിരുന്നുള്ളൂ. യു.ഡി.എഫിന്റെ 16ഉം സി.പി.എമ്മിന്റെ ഒമ്പതും വെൽഫെയർ പാർട്ടിയുടെ ഒന്നും കൗൺസിലർമാർ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. കാശു വാരിയെറിഞ്ഞാണ് ശരവണനെ ബി.ജെ.പി രാജിവെപ്പിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
കൗൺസിലറുടെ രാജിയുടെയും അപ്രത്യക്ഷമാകലിന്റെയും പേരിൽ രാഷ്ട്രീയം കലങ്ങി മറിയുന്നതിനിടയിലാണ് ശരവണൻ ബി.ജെ.പി നേതാക്കളോടൊപ്പം പാർട്ടി ഓഫീസിൽ എത്തിയത്. ശരവണന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കുടുംബസമേതം യാത്ര പോയതായി പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുക്കാതിരുന്നത്.
കോൺഗ്രസിനെ സി.പി.എമ്മിന് അടിയറവ് വെക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കൗൺസിലർ സ്ഥാനം രാജി വെച്ചതെന്ന് ശരവണൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യം പാർട്ടിയുടെ പ്രാദേശിക നേതാക്കളെ അറിയിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും കുടുംബസമേതം ക്ഷേത്രദർശനത്തിനു പോയതായിരുന്നുവെന്നുമാണ് ശരവണന്റെ വിശദീകരണം. കാണാനില്ലെന്നു കാണിച്ച് വ്യാജപരാതി നൽകിയ ജില്ലാ കോൺഗ്രസ് അധ്യക്ഷനെതിരേ പട്ടികജാതി സംരക്ഷണ വകുപ്പ് ഉൾപ്പെടെ ചേർത്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ശരവണൻ എസ്.പിക്ക് നിവേദനം നൽകി. ബി.ജെ.പി പ്രവർത്തകർ ആർപ്പുവിളികളുടേയും മുദ്രാവാക്യത്തിന്റേയും അകമ്പടിയോടെയാണ് ശരവണനെ പാർട്ടി ഓഫീസിലേക്ക് വരവേറ്റത്.