പത്തനംതിട്ട- പുല്ലാട് മുട്ടുമണ്‍ ഐരക്കാവ് ചിറ്റേഴത്ത് വീട്ടില്‍ ഏലിയാമ്മ (65) യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി മാരാമണ്‍ കുറന്തറയില്‍ രാമചന്ദ്രന് ( 48) ജീവപര്യന്തവും രണ്ടാം പ്രതി നാരങ്ങാനം പുത്തന്‍പുരയില്‍ ജോണിക്ക് (42) 13 മാസം തടവും വിധിച്ചു. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സോനു സി. പണിക്കറാണ് ശിക്ഷ വിധിച്ചത്.
2008 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഏലിയാമ്മയുടെ വീട്ടില്‍ സെപ്റ്റിക് ക്ലീനിംഗ് ജോലിക്കെത്തിയ ഒന്നാം പ്രതി റബര്‍ ഷീറ്റ് ഉണങ്ങി കെട്ടാക്കി വെച്ചിരിക്കുന്നത് കണ്ട് മോഷണത്തിന് പദ്ധതിയിട്ടതായിരുന്നു. രണ്ടാം പ്രതിയുടെ സഹായത്തോടെ അടുക്കള ഭാഗത്തെത്തി റബര്‍ ഷീറ്റ് മോഷ്ടിക്കുന്നതിനിടയില്‍ ഒന്നാം പ്രതിയെ കണ്ടു തിരിച്ചറിഞ്ഞ് മോഷണശ്രമം തടയാന്‍ ശ്രമിച്ച ഏലിയാമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കോയിപ്രം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴഞ്ചേരി എസ്.ഐ മനോജ് കബീറാണ് ആദ്യം അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ െ്രെകംബ്രാഞ്ച് വീണ്ടും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. 23 സാക്ഷികളെ വിസ്തരിച്ചിരുന്നു. 40 രേഖകള്‍ ഹാജരാക്കി. സാക്ഷികള്‍ മരിച്ച ഏലിയാമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിച്ചത്. കേസില്‍ മൂന്ന് പ്രതികളെയാണ് ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി മധുവിനെ പിന്നീട് മാപ്പുസാക്ഷിയാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സുനില്‍ മഹേശ്വരന്‍പിള്ള, അഡ്വ.മധു.പി.സാം, അഡ്വ. കെ.റ്റി.അനീഷ് മോന്‍, അഡ്വ.വിശാല്‍ കുമാര്‍.വി.ജി എന്നിവര്‍ ഹാജരായി.