കോട്ടയം- ഇതര മതത്തില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലചെയ്ത കെവിന്‍ പി.ജോസഫിന്റേത് ദുരഭിമാനക്കൊലയെന്നു കോടതി. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കും. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് സാഹചര്യങ്ങള്‍ വിലയിരുത്തി കെവിന്റേത് ദുരഭിമാനക്കൊലയായി പരിഗണിക്കാമെന്നു വിധിച്ചത്
നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തതിലുള്ള എതിര്‍പ്പാണ്് കെവിന്റെ തട്ടിക്കൊണ്ടു പോകലിലും കൊലപാതകത്തിലും കലാശിച്ചതെന്ന വാദമാണ് കോടതി അംഗീകരിച്ചത്. സംഭവം നടന്ന് അഞ്ചു മാസം പിന്നിടുമ്പോഴാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും ഉള്‍പ്പെടെ 14 പേരാണ് പ്രതിപട്ടികയിലുള്ളത്. ഇതോടെ കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായി കെവിന്‍ കേസ് മാറി.
കഴിഞ്ഞ മെയ് 27 നാണ് കോട്ടയം മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്ന് കെവിനെ ഭാര്യ നീനുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ട അക്രമിസംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടു പോയി ഒരു ദിവസത്തിനു ശേഷം തെന്മല ചാലിയേക്കരയിലെ പുഴയിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. ദുരഭിമാനക്കൊലയായി പരിഗണിച്ച് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കെവിനെ നീനുവിന്റെ ബന്ധുക്കള്‍ കൊല്ലാന്‍ കാരണം ജാതീയമായ അന്തരമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കെവിന്റ ഭാര്യാപിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 12 പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിട്ടുണ്ട്. കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. നരഹത്യ, തട്ടിക്കൊണ്ടു പോകല്‍, തട്ടിക്കൊണ്ടുപോയി വിലപേശല്‍, സംഘചേര്‍ന്നുളള ആക്രമണം, ഗൂഢാലോചന, ഭവനഭേദനം എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. അന്വേഷണ സംഘം 87 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കേസ് ആദ്യം പരിഗണിച്ചിരുന്നത് ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയാണ്. വിചാരണ നടപടികളുടെ ഭാഗമായാണ് കോട്ടയം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.
കോട്ടയം സെഷന്‍സ് കോടതിയുടെ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ട അഡ്വ.സി.എസ് അജയന്‍ കെവിന്‍ കേസിന്റെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചിരുന്നു. കെവിന്‍ കേസ് ദുരഭിമാന കൊലപാതകമായി കണക്കാക്കി വിചാരണ വേഗത്തിലാക്കുമ്പോള്‍ പ്രത്യേക കോടതിയിലാവും നടപടികള്‍.