ദുബായ്- ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകളുമായി ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇംഗ്ലീഷിലും ഹിന്ദിയിലും ദീപാവലി ആശംസ അദ്ദേഹം അറിയിച്ചത്. ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ യു.എ.ഇ ദീപാവലി എന്ന ട്വിറ്റര്‍ ഹാഷ്ടാഗില്‍ ഷെയര്‍ ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തു.
യു.എ.ഇ ജനതയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മറ്റെല്ലാ ഇന്ത്യക്കാര്‍ക്കും ഞാന്‍ ദീപാവലി ആശംസകള്‍ നേരുന്നു. സ്‌നേഹത്തിന്റേയും പ്രതീക്ഷയുടേയും കിരണങ്ങള്‍ എല്ലാവര്‍ക്കും മേല്‍ പതിക്കട്ടെ എന്നാശംസിക്കുന്നു. യു.എ.ഇയിലെ ദീപാവലി ആഘോഷ ചിത്രങ്ങള്‍ യു.എ.ഇ ദീപാവലി എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യാന്‍ പ്രോത്‌സാഹിപ്പിക്കുന്നു- ഇതായിരുന്നു ശൈഖ് മുഹമ്മദിന്റെ സന്ദേശം.
ശൈഖ് മുഹമ്മദിന്റെ സന്ദേശത്തോട് പ്രതികരിച്ച് മൂന്നു മണിക്കൂറിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയും ട്വിറ്ററില്‍ കുറിപ്പിട്ടു. ഇംഗ്ലീഷിലും അറബിയിലുമായിരുന്നു മോഡിയുടെ ട്വീറ്റ്. ദീപാവലി ആശംസകള്‍ക്ക് നന്ദി അറിയിച്ച മോഡി ഇന്ത്യ-യു.എ.ഇ ബന്ധത്തിന് ശൈഖ് മുഹമ്മദ് നല്‍കുന്ന അനന്യസംഭാവനക്ക് നന്ദി അറിയിക്കുകയും ചെയ്തു.
നിരവധി പേര്‍ ശൈഖ് മുഹമ്മദിനും ആശംസ അറിയിച്ച് സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു.