കുവൈത്ത് സിറ്റി- തിങ്കളാഴ്ച രാത്രിയും ചൊവ്വ പുലര്‍ച്ചെയും പെയ്ത ശക്തമായ മഴ കുവൈത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചു. റോഡുകളില്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നീക്കുന്ന ജോലി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. വെള്ളക്കെട്ടിനു പുറമെ കാറ്റില്‍ മരം ഒടിഞ്ഞുവീണും മറ്റും വഴി തടസ്സമുണ്ടായി.
ഗതാഗത തടസ്സം നീക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് കഠിനപ്രയത്‌നമാണ് നടത്തിയത്. ചിലയിടങ്ങളില്‍ മുകളറ്റംവരെ കാറുകള്‍ വെള്ളത്തിലായ അവസ്ഥയുമുണ്ടായി. മോട്ടോര്‍ ഉപയോഗിച്ചു റോഡിലെ വെള്ളം നീക്കംചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് കടലില്‍ പോകരുതെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ തീരദേശ സേനയെ (1880888) ബന്ധപ്പെടണം. പല മേഖലകളിലും ഓവുചാല്‍ കവിഞ്ഞൊഴുകിയാണ് വെള്ളക്കെട്ട് ഉണ്ടായത്. വീടുകളിലും വെള്ളം കയറി.
വെള്ളം കയറിയ കെട്ടിടങ്ങളില്‍നിന്ന് അഗ്‌നിശമന സേനയെത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയായിരുന്നു. കെട്ടിടങ്ങളില്‍ വെള്ളം കയറിയ മേഖലകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ശക്തമായ ഇടിമിന്നല്‍ സ്ഥിതി വഷളാക്കി.
പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ മന്ത്രാലയം എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതായും മന്ത്രാലയത്തിലെ എമര്‍ജന്‍സി മെഡിക്കല്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ മുന്‍തര്‍ അല്‍ ജലാമ അറിയിച്ചു.