കണ്ണൂർ- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന പാടത്തിന്റെ അന്തിമ സാങ്കേതിക പരിശോധന പൂർത്തിയായി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങുന്നതോടെ ഇന്ധന സംഭരണ കേന്ദ്രവും തുറക്കും.
കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ഇന്ധനം കൊച്ചിൻ റിഫൈനറീസിൽ നിന്നാണ് എത്തിച്ചത്. 23 മുതൽ 27 ദിവസം വരെയുള്ള എണ്ണയാണ് ഇവിടെ സൂക്ഷിക്കുന്നത്. വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങൾ, എയർക്രാഫ്റ്റ് എന്നിവയുടെ എണ്ണം അനുസരിച്ച് സംഭരണ ശേഷിയും വർധിപ്പിക്കും. നാല് കൂറ്റൻ ടാങ്കുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നും ശേഖരിച്ച ഇന്ധന സാമ്പിൾ 2 സ്വതന്ത്ര ലാബുകളിൽ പരിശോധന നടത്തുന്ന നടപടിയും പൂർത്തിയായിക്കഴിഞ്ഞു. ഡി.ജി.സി.എ അംഗീകാരമുള്ള ലാബുകളിലാണ് ഈ പരിശോധന നടത്തുന്നത്. വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങൾക്കു ഇന്ധനം നിറക്കുന്നതിനായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ച് ബി.കെ.എഫ്.എഫ്.പി.എലിന്റെ കീഴിലാണ് ഇന്ധന സംഭരണ ശാല സജ്ജമാക്കിയത്.
18 കോടി രൂപ മുതൽ മുടക്കിലാണ് 990 കിലോ ലിറ്റർ സംഭരണ ശേഷിയുള്ള ശാലയുടെ നിർമാണം പൂർത്തിയാക്കിയത്. 450 കിലോ ലിറ്റർ ശേഷിയുള്ള രണ്ട് ഭൂതല ടാങ്കുകളും 45 കിലോ ലിറ്റർ ശേഷിയുള്ള രണ്ട് ഭൂഗർഭ ടാങ്കുകളും ഇന്ധനം ടാങ്കുകളിലേക്കു നിറക്കുന്നതിനു നാല് ബേകളും ഓഫീസും അടങ്ങുന്നതാണ് മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രം. 216.80 കോടി രൂപ കണ്ണൂർ വിമാനത്താവള നിർമ്മാണത്തിനായി ചെലവഴിച്ച ബി.പി.സി.എലിനു വിമാനത്താവള കമ്പനിയിൽ 21.68 ശതമാനം ഓഹരി വിഹിതം ഉണ്ട്. അതിനിടെ, കണ്ണൂർ വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളിൽ കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പെർമിറ്റ് നൽകുന്നതിന് ബിൽഡിംഗ് ലൈസൻസ് ഏജൻസി മട്ടന്നൂരിൽ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. വിമാനത്താവളം പ്രവർത്തന സജ്ജമാവുന്നതോടെ ഈ മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ സജീവമാകും. വിവിധ ആവശ്യങ്ങൾ ക്കുള്ള നിരവധി കെട്ടിടങ്ങൾ നിർമിക്കേ ണ്ടി വരും. എന്നാൽ ഇവയുടെ ലൈസൻ സ് നൽകുന്നതിനുള്ള കേന്ദ്രം ഇവിടെയില്ല. വിമാനത്താവളത്തിന്റെ 20 കിലോമീറ്റർ ചുറ്റളവിൽ നിർമിക്കുന്ന കെട്ടിടങ്ങൾക്കു ഈ ലൈസൻസ് നിർബന്ധമാണ്. നിലവിൽ ചെന്നൈയിലാണ് ഏജൻസി പ്രവർത്തിക്കുന്നത്. ബഹുനില കെട്ടിടങ്ങൾക്കു ലൈസൻസ് നേടിയെടുക്കുന്നതിനുള്ള ഏജൻസി മടന്നൂരിലോ കണ്ണൂരിലോ പ്രവർത്തനം ആരംഭിക്കണമെന്നാണ് ആവശ്യം.