Sorry, you need to enable JavaScript to visit this website.

ബന്ധുനിയമനം: തഴഞ്ഞ ആറു പേരും യോഗ്യതയുള്ളവര്‍; മന്ത്രി ജലീല്‍ വീണ്ടും കുരുക്കില്‍

കോഴിക്കോട്- ബന്ധുനിയമന വിവാദത്തിൽ മന്ത്രി ഡോ. കെ.ടി ജലീലിനെതിരെ കൂടുതൽ ആരോപണങ്ങൾ. യോഗ്യതയുള്ള ആറുപേരെ തഴഞ്ഞാണ് തന്റെ പിതൃസഹോദരന്റെ മകന്റെ മകനെ ജലീൽ നിയമിച്ചത് എന്ന വിവരമാണ് പുറത്തുവന്നത്. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിച്ച ആറുപേർക്ക് മതിയായ രേഖകളുണ്ടെന്നാണ് വിവരം.

എം.ബി.എയും അഞ്ചുവർഷം പ്രവൃത്തി പരിചയവുമുള്ള വി. പി  അനസ്, എസ്.ബി.ഐ റീജനൽ മാനേജറായി മൂന്നുവർഷം പരിചയമുള്ള എം.ബി.എ ബിരുദധാരി പി. മോഹനൻ, മലപ്പുറം മാൽകോ ടെക്‌സ് സ്പിന്നിംഗ് മിൽ മാനേജറായി പതിനൊന്നു വർഷം പ്രവൃത്തി പരിചയമുള്ള സഹീർ കാലടി, എം.ബി.എ, ഐ.സി.ഐ.സി.ഐ.സി.ഐ ബാങ്ക്, സ്വകാര്യഇൻഷുറൻസ് ബാങ്ക് എന്നിവടങ്ങൡ പ്രവൃത്തി പരിചയവും ന്യൂനപക്ഷ വികസന കോർപ്പറേഷൻ മാനേജറും എം.ബി.എയുമുള്ള റിജാസ് , അഞ്ചുവർഷം പ്രവൃത്തി പരിചയവും എം.ബി.എയുമുള്ള സാജിദ് മുഹമ്മദ്, ധനകാര്യവകുപ്പിലെ അണ്ടർ സെക്രട്ടറി വി.ബാബു എന്നിവരാണ് ഈ ജോലിക്കായി അപേക്ഷിച്ചിരുന്നത്.

എന്നാൽ ഏഴാമനായി അപേക്ഷിച്ച കെ.ടി ജലീലിന്റെ ബന്ധു അദീബിനെയാണ് നിയോഗിച്ചത്. യോഗ്യതമാനദണഡത്തിൽ പറയുന്ന എം.ബി.എ ഇദ്ദേഹത്തിന് ഇല്ലായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിലെ ബ്രാഞ്ച് മാനേജർ മാത്രമായിരുന്നു അദീബ്. യോഗ്യതയുള്ളവർ ഇല്ലാത്തതിനാൽ അദീബിനെ ബന്ധപ്പെടുകയായിരുന്നുവെന്നാണ് മന്ത്രിയുടെ വാദം. അദീബിനെ നിയമിക്കാൻ വേണ്ടി മനപൂർവ്വം തസ്തിക സൃഷ്ടിക്കുകയായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഈ തസ്തികയിലുണ്ടായിരുന്ന വനിതാവികസന കോർപ്പറഷൻ റീജ്യണൽ മാനേജരെ മാതൃസ്ഥാപനത്തിലേക്ക് തിരിച്ചയച്ചാണ് അദീബിനെ നിയമിക്കാൻ ഒഴിവുണ്ടാക്കി എടുത്തത്. ഡപ്യൂട്ടേഷൻ കാലാവധി അഞ്ചുവർഷം നീട്ടാമെന്നിരിക്കേയാണ് കഴിവുള്ളയാളെ തിരിച്ചയച്ചത്.
 

Latest News