Sorry, you need to enable JavaScript to visit this website.

സംഘ്പരിവാർ അഴിഞ്ഞാടിയത് പോലീസിന് നാണക്കേടായി

തിരുവനന്തപുരം- കമാൻഡോകളും മൊബൈൽ ജാമറുകളും ഫേസ് ഡിറ്റക്ഷൻ സാങ്കേതിക വിദ്യ അടക്കമുള്ള അത്യാധുനിക സംവിധാനത്തോടെ പോലീസ്  ശബരിമലയിൽ സുരക്ഷ ഏർപ്പെടുത്തിയെങ്കിലും സംഘ്പരിവാർ  പ്രവർത്തകർ വീണ്ടും അഴിഞ്ഞാടിയത് പോലീസിനും നാണക്കേടായി.
ഒരു ഘട്ടത്തിൽ പ്രതിഷേധക്കാരായ സംഘപരിവാർ പ്രവർത്തകരെ നിയന്ത്രിക്കുന്നതിൽ നിന്ന് പോലീസിന് മാറി നിൽക്കേണ്ട അവസ്ഥയുമുണ്ടായി. പോലീസിന്റെ മെഗാഫോണിലൂടെ ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരി പ്രവർത്തകരെ നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായി. പ്രായമായ സ്ത്രീകളെപ്പോലും സംഘപരിവാർ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുന്ന സാഹചര്യത്തിൽ നിന്ന് ഏറെ പണിപ്പെട്ടാണ് പോലീസ്  സുരക്ഷ ഒരുക്കിയത്. മാധ്യമ പ്രവർത്തകരുടെ നേർക്കും മുമ്പത്തെ പോലെ ആക്രമണമുണ്ടായി. എന്നാൽ ഇവയെല്ലാം നിയന്ത്രിക്കാൻ പോലീസ്  ഏറെ പണിപ്പെടേണ്ടി വന്നതിൽ നിന്ന് തന്നെ ശബരിമലയിൽ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തമാണെന്ന് ഇതിനകം തന്നെ ആരോപണം ഉയർന്നിട്ടുണ്ട്. സുരക്ഷയുടെ പേരിൽ അന്യസംസ്ഥാന തീർത്ഥാടകരെയടക്കം എരുമേലിയിലും വിദൂര പ്രദേശങ്ങളിലും മണിക്കൂറുകളോളം തടഞ്ഞിട്ടത് കൂട്ട പ്രതിഷേധങ്ങൾക്കും വഴിവെച്ചു. ഇവയെല്ലാം വിരൽ ചൂണ്ടുന്നത് പുതിയ സുരക്ഷാ ക്രമീകരണം വേണമെന്ന ആവശ്യത്തിലേയ്ക്കാണ്.
പോലീസ്   ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നാനൂറോളം പേരുടെ ചിത്രങ്ങൾ പുതിയതായി സ്ഥാപിക്കുന്ന ഫേസ് ഡിറ്റക്ഷൻ ക്യാമറകളിൽ സ്ഥാപിച്ചിരുന്നു. വീഡിയോയിൽ പതിയുന്ന ഓരോ മുഖവും കംപ്യൂട്ടർ സ്വയം വിലയിരുത്തുന്ന സാങ്കേതിക വിദ്യയാണ് ഫേസ് ഡിറ്റക്ഷൻ. ക്രിമിനലുകളെ തടയാൻ വേണ്ടി സ്ഥാപിച്ച ക്യാമറയൊക്കെ വെറുതെയായെന്ന് വ്യക്തമാകുന്നതാണ്. 
നിലക്കൽ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ്   പുറത്തുവിട്ട 125 ാം ലിസ്റ്റിലെ പ്രതി സന്നിധാനത്ത് നടപ്പന്തലിൽ എത്തി ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് വെല്ലുവിളി നടത്തിയത്. ആരൊക്കെ എതിർത്താലും ആരൊക്കെ തടഞ്ഞാലും എത്തും എന്ന് നിശ്ചയിച്ചാൽ എത്തിയ ചരിത്രമേയുള്ളൂവെന്ന് സജീവ് ചള്ളിമുക്ക് ഫേസ്ബുക്ക്  പോസ്റ്റിൽ വ്യക്തമാക്കി. ഇതോടെ ശബരിമലയിൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന ആരോപണം ശക്തമാവുകയാണ്. അഞ്ചരക്കോടിയിലേറെ ഭക്തരെത്തുന്ന മണ്ഡല മകര വിളക്ക് കാലത്ത് 63 ദിവസത്തോളം ഇത്രയും നിയന്ത്രണങ്ങൾ ഫലപ്രദമാവില്ലെന്ന വിലയിരുത്തലിൽ പോലീസ്  എത്തിയിട്ടുണ്ട്. ഇപ്പോൾ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ അതേപടി തുടർന്നാൽ മണ്ഡല കാലത്ത് അത്യാഹിതങ്ങൾക്ക് വഴിവെയ്ക്കുമെന്നാണ് പോലീസ് വിലയിരുത്തൽ. നാല് ഘട്ടമായി 20,000 പോലീസുകാരെയാണ് മണ്ഡല കാലത്ത് സുരക്ഷയ്ക്ക് നിയോഗിക്കാറുള്ളത്. പുതിയ സ്‌കീമിൽ 2300 പോലീസുകാരും കമാൻഡോകളടക്കം സായുധ വിഭാഗങ്ങളുമുണ്ട്. അഞ്ച് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടും വനിതാ പോലീസിനെ ഇതുവരെ അയച്ചിട്ടില്ല. 3140 വനിതാ സിവിൽ പോലീസുകാരാണ് ആകെയുള്ളത്. 200 ട്രെയിനികളും ഓഫീസർമാരുമടക്കം പരമാവധി 4100 പേരെ ലഭ്യമാക്കാം. എന്നാൽ പുതിയ സുരക്ഷാ സ്‌കീം പ്രകാരമുള്ള വിന്യാസത്തിന് ഇത്രയും വനിതാ പോലീസ്  മതിയാവില്ല. 

Latest News