ജിദ്ദ- ജോലിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ച മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ഹാരിസിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകട വിവരമറിഞ്ഞ് ദമാമില്‍നിന്ന് സഹോദരിയും ഭര്‍ത്താവും ജിദ്ദയിലെത്തിയിട്ടുണ്ട്. മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം.
കന്മനം വലിയ പീടിയേക്കല്‍ സാദിഖലിയുടെ മകന്‍ മുഹമ്മദ് ഹാരിസ് (28) ജിദ്ദ സനാഇയ ബിന്‍സാഗര്‍ കോറോ (സണ്‍ടോപ്) കമ്പനി ജീവനക്കാരനായിരുന്നു. കമ്പനി യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ പെട്ടാണ് മരണം. എട്ടു വര്‍ഷമായി ബിന്‍സാഗറില്‍ ജോലി ചെയ്യുന്ന ഹാരിസ് യൂത്ത് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഹജ് വളണ്ടിയര്‍ സേവന രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ഹജില്‍ ഒപ്പമുണ്ടായിരുന്ന വളണ്ടിയര്‍മര്‍ ഹാരിസിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു.
രണ്ടാഴ്ച മുന്‍പാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞെത്തിയത്. അടുത്ത മാസം ഭാര്യയെയും ഒന്നര വയസ്സുള്ള മകളെയും ജിദ്ദയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ് സാദിഖലി ദമാമില്‍ ജോലി ചെയ്തിരുന്നു. മാതാവ്: സഫിയ. ഭാര്യ രഹ്‌ന. മകള്‍: ഹൈറ ഹാരിസ്. സഹോദരങ്ങള്‍: മുഹമ്മദ് റിയാസ് (മസ്‌കത്ത്), നജ്‌ല ബാനു (ദമാം), റൈഹാനത്ത് (പൊന്നാനി), ലുബ്‌ന (താഴെക്കോട്).