വിവാദവുമായി യൂത്ത് ലീഗ് എത്തിയത് ന്യൂനപക്ഷ കോർപറേഷനെ നന്നാക്കാനാണെന്ന് മന്ത്രി ജലീലും നാട്ടുകാരും കരുതുന്നില്ല. കെ.ടി.ജലീലിനെ ഒരരുക്കാക്കാൻ കിട്ടിയ വടി പ്രയോഗിച്ച് മലബാറിൽ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുകയെന്ന അജണ്ട മാത്രമേ യൂത്ത് ലീഗിനുള്ളൂ. പിന്തുണയുമായി മുസ്‌ലിം ലീഗുമുണ്ട്. പണ്ട് കുറ്റിപ്പുറത്ത് പുലിയും എലിയും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ ശബ്ദഘോഷങ്ങൾ ഇപ്പോഴും മലബാർ രാഷ്ട്രീയത്തിലുണ്ട്.
വിവാദം കൊണ്ട് പ്രയോജനമില്ലെന്ന് ആരും പറയരുത്. വിവാദമുണ്ടാക്കുന്നവർക്ക് മാത്രമല്ല പ്രയോജനം, ചിലപ്പോഴൊക്കെ പൊതുജനങ്ങൾക്കുമുണ്ടാകും. വിവാദം വിജ്ഞാനമുണ്ടാക്കുമെന്നതാണ് ഒരു പ്രയോജനം. വിവാദത്തിന് അടിസ്ഥാനമായ വിഷയത്തെ കുറിച്ച് പുതിയ കുറെ അറിവുകൾ ജനങ്ങൾക്ക് ലഭിക്കും. മന്ത്രി ഡോ.കെ.ടി.ജലീലിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ബന്ധു നിയമം വിവാദമുണ്ടാക്കിയില്ലായിരുന്നെങ്കിൽ പലതും നാട്ടുകാർ അറിയാതെ പോയേനേ.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ എന്നൊരു വെള്ളാന നമ്മുടെ നാട്ടിലുണ്ടെന്നും അതിൽ ജനറൽ മാനേജർ എന്നൊരു തസ്തികയുണ്ടെന്നും അവിടെ ആരെയും നിയമിക്കാമെന്നുമൊക്കെയുള്ള പൊതുവിജ്ഞാനം ഇത്തരം വിവാദങ്ങളിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. മാത്രമല്ല. ഇത്രയേറെ അഭ്യസ്തവിദ്യരായ ആളുകൾ കേരളത്തിലുണ്ടായിട്ടും ജനറൽ മാനേജർ തസ്തികക്ക് യോഗ്യതയുള്ള ഒരാളെ പോലും തിരിയിട്ട് തെരഞ്ഞിട്ടും കിട്ടിയില്ലെന്നതും പുതിയൊരു വിജ്ഞാനമാണ്.
മന്ത്രി ജലീൽ നല്ല കാര്യം മാത്രമേ ചിന്തിച്ചിട്ടുള്ളൂ. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഇപ്പോൾ ആകെ കുത്തഴിഞ്ഞ് കിടക്കുകയാണ്. അതിനെ നന്നാക്കിയെടുക്കാൻ മിടുക്കനായ ഒരാളെ വേണം. കുറേയാളുകൾ കോർപറേഷനിൽ നിന്ന് വായ്പയെടുത്ത് മുങ്ങി നടക്കുന്നുണ്ട്. അവരെയെല്ലാം പിടികൂടി വായ്പ തിരിച്ചടപ്പിക്കണം. അങ്ങനെ കോർപപ്പറേഷനെ മികച്ച നിലയിലാക്കണം. അതിനു വേണ്ടിയാണ് സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന യോഗ്യനായ ഒരാളെ തെരഞ്ഞുപിടിച്ചു കൊണ്ടുവന്നത്. അത് തന്റെ ബന്ധുവായിപ്പോയി. യോഗ്യതയുള്ളയാൾ ബന്ധുവായത് മന്ത്രിയുടെ കുറ്റമാണോ. യൂത്ത് ലീഗുകാർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. ജലീൽ എന്നു കേട്ടപ്പോൾ അവർ കൊടിയും പൊക്കി വരികയാണ്.
ജലീലിന്റെ പേരു കേട്ടാൽ ഏത് മുസ്‌ലിം ലീഗുകാരനും യൂത്ത് ലീഗുകാരനും ഉറക്കത്തിലും എണീറ്റ് ഗോബാക്ക് വിളിക്കും. അത്രക്ക് സ്‌നേഹമാണ്. പണ്ട് ഒരു പാത്രത്തിലുണ്ട്, ഒരു പായയിലുറങ്ങിയവരാണല്ലോ. പിന്നെ ഒരു സുപ്രഭാതത്തിൽ എതിരാളികൾക്കൊപ്പം ചേർന്ന് ചരിത്രപരമായ തിരിച്ചടികൾ നൽകി തിരുവനന്തപുരത്തേക്ക് വണ്ടി കയറിയതാണ്. പിടിച്ച് താഴെയിറക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ലീഗിന് കഴിഞ്ഞിട്ടില്ല. അവസരം കിട്ടുമ്പോൾ കുത്തിനോക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാകുന്നുമില്ല.
ബന്ധു നിയമന വിവാദത്തിൽ യൂത്ത് ലീഗ് ഉന്നയിച്ച വാദങ്ങളും വിജ്ഞാന ദായകമാണ്. നിയമനത്തിന് മുമ്പ് ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചോ. നിയമനം നൽകിയ ബന്ധുവിനെ കുറിച്ച് നിയമപ്രകാരമുള്ള അന്വേഷണങ്ങൾ നടത്തിയോ. ചോദ്യങ്ങൾക്കൊപ്പം യൂത്ത് ലീഗ് പ്രകടനവും നടത്തിയപ്പോഴാണ് മന്ത്രി ജലീലിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. മലബാർ മേഖലയിൽ താൻ കഷ്ടപ്പെട്ടുണ്ടാക്കി വെച്ച ഇമേജ് തകർക്കാനുള്ള ശ്രമമാണ്. മുളയിലേ നുള്ളിയില്ലെങ്കിൽ പണി കിട്ടും. ചോദ്യങ്ങൾക്കെല്ലാം അക്കമിട്ട് മന്ത്രി ഉത്തരം നൽകി. നിയമനത്തിന് മുമ്പ് മുഖ്യ പത്രങ്ങളിലെല്ലാം അപേക്ഷക്ഷണിച്ചുകൊണ്ട് പരസ്യം നൽകിയിട്ടുണ്ട്.
ജനറൽ മാനേജർ തസ്തികയിലേക്ക് ഏഴു പേരാണ് അപേക്ഷ സമർപ്പിച്ചിരുന്നതെന്നും അവരിലാർക്കും നിശ്ചിത യോഗ്യതയുണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒടുവിൽ യോഗ്യതയുള്ള ഒരാളെ തേടിപ്പിടിച്ച് ക്ഷണിച്ച് കൊണ്ടുവരികയായിരുന്നെന്നായിരുന്നു മന്ത്രിയുടെ പിന്നീടുള്ള ഫേസ്ബുക്ക് പോസ്റ്റ്. ഇതെല്ലാം മുട്ടുന്യായങ്ങളാണെന്നും അപേക്ഷകരുടെയെല്ലാം വിവരങ്ങൾ പുറത്തു വിടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടതോടെ മന്ത്രി ചുവടുമാറ്റി.
ന്യൂനപക്ഷ കോർപറേഷനിൽ നിന്ന് വായ്പയെടുത്ത് മുങ്ങി നടക്കുന്ന ലീഗുകാരാണ് വിവാദത്തിന് പിന്നിലെന്ന കടുത്ത ആരോപണവുമായാണ് മന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. കടം വാങ്ങിയാൽ തിരിച്ചുകൊടുക്കുന്ന പതിവ് ലീഗുകാർക്കില്ലെന്നു കൂടി മന്ത്രി കൂട്ടിച്ചേർത്തതോടെ മന്ത്രി യുദ്ധത്തിനു തന്നെയാണ് ഒരുങ്ങിയിരിക്കുന്നതെന്ന് ബോധ്യമായി. വായ്പയെടുത്തവരിൽ നിന്നെല്ലാം കുടിശ്ശികയടക്കം തുക തിരിച്ചുപിടിക്കുമെന്ന മുന്നറിയിപ്പും മന്ത്രി നൽകിയിട്ടുണ്ട്.
വിവാദവുമായി യൂത്ത് ലീഗ് എത്തിയത് ന്യൂനപക്ഷ കോർപറേഷനെ നന്നാക്കാനാണെന്ന് മന്ത്രി ജലീലും നാട്ടുകാരും കരുതുന്നില്ല. കെ.ടി.ജലീലിനെ ഒരരുക്കാക്കാൻ കിട്ടിയ വടി പ്രയോഗിച്ച് മലബാറിൽ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുകയെന്ന അജണ്ട മാത്രമേ യൂത്ത് ലീഗിനുള്ളൂ. പിന്തുണയുമായി മുസ്‌ലിം ലീഗുമുണ്ട്.
പണ്ട് കുറ്റിപ്പുറത്ത് പുലിയും എലിയും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ ശബ്ദഘോഷങ്ങൾ ഇപ്പോഴും മലബാർ രാഷ്ട്രീയത്തിലുണ്ട്. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വരെയെത്തി ലീഗിന്റെ കീഴിൽ തിളങ്ങിയിരുന്ന കെ.ടി.ജലീലിനെ പാർട്ടിയിൽ ഒതുക്കാൻ ശ്രമം നടന്നപ്പോഴാണ് പൊട്ടിത്തെറികളുണ്ടായത്. ജില്ലാ പഞ്ചായത്തിനപ്പുറം തന്നെ കാണിക്കില്ലെന്ന് ജലീലിന് മനസ്സിലായതോടെ ജലീൽ മഞ്ഞളാംകുഴി അലിയുടെ വഴി തേടി. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയായി മൽസരിച്ച് ലീഗിന്റെ കരുത്തനായ നേതാവ് പി.കെ.കുഞ്ഞാലികുട്ടിയെ തറപറ്റിച്ചത് ചരിത്ര വിദ്യാർഥികൾ ഇടക്കിടെ ആവർത്തിച്ച് വായിക്കുന്ന അധ്യായമാണ്. ലീഗ് വിരുദ്ധ വോട്ടുകളുടെ ബലത്തിൽ ജയിച്ചു കയറിയ ജലീൽ ഇന്ന് രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത് ആ ബലത്തിലാണ്.
സി.പി.എം ആകട്ടെ, രാഷ്ട്രീയമെന്തായാലും ലീഗിനെ തോൽപിക്കാൻ കെൽപുള്ളവരെ തേടി നടക്കുന്ന കാലമായിരുന്നു അത്. പെയ്‌മെന്റ് സീറ്റായിട്ടും പൊളിറ്റിക്കൽ സീറ്റായിട്ടും വിജയ സാധ്യതയുള്ള ആർക്കും സീറ്റ് വിട്ടുകൊടുത്തിരുന്ന കാലം. അതിന്റെ സാധ്യത മനസ്സിലാക്കി പെയ്‌മെന്റൊന്നും കൊടുക്കാതെ ജയിച്ചു കയറിയ നേതാവാണ് ജലീൽ. ആ സത്യം അറിയുന്നതുകൊണ്ടു തന്നെ പുതിയ വിവാദത്തിൽ ഇടപെടാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായിട്ടില്ല. വിവാദമല്ലേ, കുറച്ചു കഴിയുമ്പോൾ കെട്ടടങ്ങും എന്ന ലൈനാണത്. ജലീൽ ഒറ്റക്കെല്ലെന്ന് യൂത്ത് ലീഗുകാരെ ബോധ്യപ്പെടുത്താൻ പിണറായി വിജയന്റെ വിശ്വസ്തനായ മന്ത്രി ഇ.പി.ജയരാജൻ ഒരു പ്രസ്താവനയും ഇറക്കിയിട്ടുണ്ട്. ബന്ധു നിയമന വിവാദത്തിൽ നേരത്തെ കൈപൊള്ളിയയാളായതിനാൽ മന്ത്രി ജയരാജന് ഇക്കാര്യത്തിൽ മന്ത്രി ജലീലിനോട് പ്രത്യേക താൽപര്യവുമുണ്ട്.
എന്തായാലും യൂത്ത് ലീഗുകാർ വെറുതെയിരിക്കാൻ ഭാവമില്ല. മന്ത്രിയിൽ നിന്ന് കുറെ വിശദീകരണങ്ങൾ കൂടി കിട്ടാനുണ്ട്. ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ നൽകിയവരുടെ പൂർണ്ണ വിവരങ്ങൾ മന്ത്രിയെക്കൊണ്ട് പറയിപ്പിക്കും. അതിൽ നിന്ന് കാര്യങ്ങൾ ഏതാണ്ട് വ്യക്തമാകും. യോഗ്യതയുള്ളവരെ മാറ്റി നിർത്തിയാണോ മന്ത്രി ബന്ധുവിനെ നിയമിച്ചതെന്ന് കണ്ടെത്താനുള്ള വഴിയാണത്. അത് മന്ത്രിയുടെ വായിൽ നിന്ന് തന്നെ പുറത്തു വരുമ്പോൾ നാട്ടുകാർക്കും കാര്യങ്ങൾ മനസ്സിലാകും. എന്തായാലും നാട്ടിൽ ഇപ്പോൾ യൂത്ത് ലീഗുകാർക്ക് ഇടപെടാൻ പറ്റിയ മറ്റു വിവാദങ്ങളൊന്നും നടക്കുന്നില്ല. ശബരിമല പ്രശ്‌നം അവരുടെ വിഷയമല്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്നതുവരെ കാര്യമായ രാഷ്ട്രീയ പ്രശ്‌നങ്ങളൊന്നും മുന്നിലില്ല. അതുകൊണ്ട് ഒരു തീരുമാനമാകും വരെ ബന്ധു നിയമനത്തിന് പിന്നിൽ യൂത്ത് ലീഗുണ്ടാകും, തീർച്ച.