Sorry, you need to enable JavaScript to visit this website.

ശബരിമലയില്‍ ആര്‍.എസ്.എസ് നേതാവ് ഉപയോഗിച്ചത് പോലീസിന്റെ മൈക്ക്; പോലീസ് നോക്കി നിന്നെന്ന് ആക്ഷേപം- Video

ശബരിമല- ആചാരം ലംഘിക്കുന്ന സ്ത്രീകളെ തടയാനെന്ന പേരില്‍ ശബരിമല സന്നിധാനത്ത് വേഷംമാറിയെത്തിയ സംഘ പരിവാര്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പോലീസിന്റെ മൈക്ക് ഉപയോഗിച്ചതിനെ ചൊല്ലി വ്യാപക പ്രതിഷേധം. ചെറുമകന്റെ ചോറൂണ് നടത്താനായി തിരൂരില്‍ നിന്നെത്തിയ 52കാരി ലളിതയുടെ പ്രായത്തെ ചൊല്ലി തര്‍ക്കമുണ്ടാക്കി ഭക്തരുടെ വേഷത്തിലെത്തിയ ആര്‍.എസ്.എസുകാര്‍ അവരെ തടഞ്ഞിരുന്നു. ആചാര പ്രകാരം ദര്‍ശനം നടത്താവുന്ന പ്രായമാണെന്ന് തിരിച്ചറിഞ്ഞിട്ടും ലളിതയെ വളഞ്ഞിട്ട് തടയാനും കയ്യേറ്റം ചെയ്യാനും ചിലര്‍ ശ്രമിച്ചു. പോലീസിന്റെ നിര്‍ദേശവും ഇവര്‍ അനുസരിച്ചില്ല. ഇതിനിടെയാണ് വല്‍സന്‍ പോലീസിന്റെ മൈക്കിലൂടെ പ്രശ്‌നമുണ്ടാക്കിയ ആര്‍.എസ്.എസുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

എന്നാല്‍ സര്‍ക്കാര്‍ വന്‍ പോലീസ് സന്നാഹത്തേയും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടും പ്രതിഷേധക്കാരെ അടക്കി നിര്‍ത്താന്‍ പോലീസിനു കഴിഞ്ഞില്ലെന്നും ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ സഹായം തേടുകയായിരുന്നെന്നും ആക്ഷേപമുയര്‍ന്നു. ഇന്ന് യുവതികളാരും ദര്‍ശനത്തിന് വന്നിട്ടില്ല. ഇതിനിടെയാണ് ദര്‍ശനത്തിനെത്തിയ ഭക്തരായ മുതിര്‍ന്ന സ്ത്രീകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധക്കാരുടെ മുന്‍ നിരയില്‍ വല്‍സനും ഉണ്ടായിരുന്നു. ഇവരെ തടയാനും പിന്തിരിപ്പിക്കാനും പോലീസിനു കഴിഞ്ഞില്ല. ഇതിനിടെയാണ് വല്‍സന്‍ പോലീസിന്റെ മൈക്ക് വാങ്ങി അതിലൂടെ തന്നൊടൊപ്പം പ്രതിഷേധിച്ചവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. 

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ പരസ്യമായി വെല്ലുളിച്ചായിരുന്നു പോലീസിനൊപ്പം നിന്നുള്ള വല്‍സന്റെ പ്രസംഗം. ഇവിടെ എത്തിയിരിക്കുന്നത് ഭക്തന്മാര്‍ ആയിട്ടാണ്. ചിലര്‍ കുഴപ്പമുണ്ടാക്കാന്‍ വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീണു പോകരുത്. ദര്‍ശനം നടത്താന്‍ പ്രായപരിധിക്കു പുറത്തുള്ളവര്‍ വന്നാല്‍ അവര്‍ക്കു സഹായം നല്‍കണം. പ്രായപരിധിയിലുള്ളവര്‍ വന്നാല്‍ അവരെ തടയാന്‍ വേണ്ടിയുള്ള സംവിധാനം ഇവിടെ ഉണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. അതിന് ഇവിടെ പോലീസുണ്ട്. നമ്മുടെ വൊളണ്ടിയര്‍മാരുണണ്ട്. പമ്പ മുതല്‍ തടയാനുള്ള സംവിധാനം ഉണ്ട്. അത് കടന്നിട്ട് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ പറ്റില്ല- വല്‍സന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. 

ശബരിമലയിലെ ആചാര പ്രകാരമുള്ള ഇരുമുടി കെട്ടില്ലാതെ വല്‍സന്‍ പതിനെട്ടാം പടിയില്‍ കയറി നിന്ന് തന്നൊടൊപ്പമുള്ള ആര്‍.എസ്.എസുകാരെ നിയന്ത്രിക്കുന്ന ചിത്രവും പുറത്തു വന്നു. ആചാരം തെറ്റിച്ച് ക്ലീഷ് ഷേവ് ചെയ്‌തെത്തി വന്‍സന്‍ ഉള്‍പ്പെടെയുള്ള സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ കലാപ ശ്രമം നടത്തുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപം ശക്തമാണ്. ഭക്ത വേഷം കെട്ടി മോശമായ ആംഗ്യം കാണിക്കുന്ന മറ്റൊരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്.

അതേസമയം സന്നിധാനത്ത് സംഘര്‍ഷം ഒഴിവാക്കാനാണ് താന്‍ ശ്രമിച്ചതെന്ന് വല്‍സന്‍ പ്രതികരിച്ചു. മൈക്ക് ആരോ കയ്യില്‍ തന്ന് ഭക്തരോട് ശാന്തരാകണമെന്നും പറയാന്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് മൈക്കുപയോഗിച്ചത്. പോലീസിനെ സഹായിക്കുകയാണ് ചെയ്തത്. ഇരുമുടിക്കെട്ടുമായാണ് പതിനെട്ടാം പടികയറിയതെന്നും വല്‍സന്‍ പ്രതികരിച്ചു.  
 

Latest News