Sorry, you need to enable JavaScript to visit this website.

സൂക്ഷിക്കുക; സൗദിയില്‍ ഫുള്‍ സെറ്റപ്പോടെ ബാങ്ക് തട്ടിപ്പുകാര്‍

ജിദ്ദ- സൗദി അറേബ്യയില്‍ എ.ടി.എം കാര്‍ഡ് ബ്ലോക്കായി എന്നറിയിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ബാങ്ക് തട്ടിപ്പ് സംഘം സജീവം. ഉപഭോക്താക്കളില്‍നിന്ന് അക്കൗണ്ട് വിവരങ്ങള്‍ കരസ്ഥമാക്കുന്നതിന് അറബിയിലും ഇംഗ്ലീഷിലും സംസാരിക്കുന്നവരെ ഏര്‍പ്പെടുത്തി ഫുള്‍ സെറ്റപ്പോടെയാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്.
എ.ടി.എം സേവനം പുനഃസ്ഥാപിക്കാന്‍ ഉടന്‍ ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പര്‍ സഹിതമാണ്  ഉപഭോക്താക്കള്‍ക്ക് അറബിയിലും ഇംഗ്ലീഷിലും എസ്.എം.എസ് ലഭിക്കുക. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ച നിരവധി ഉപഭോക്താക്കള്‍ സത്യാവസ്ഥ അന്വേഷിച്ച് മലയാളം ന്യൂസ് ഓഫീസുമായി ബന്ധപ്പെട്ടു.

http://malayalamnewsdaily.com/sites/default/files/2018/11/06/bankfraud.jpeg
എസ്.എം.എസ് ലഭിച്ച ഉടന്‍ എ.ടി.എം പരിശോധിച്ചുവെന്നും തടസ്സമൊന്നുമില്ലെന്നുമാണ് ഒരു ഉപഭോക്താവ് അറിയിച്ചത്. ഇങ്ങനെ പരിശോധിക്കേണ്ട ആവശ്യമേയില്ല. ബാങ്കുകള്‍ എ.ടി.എം ബ്ലോക്കായി എന്നു പറഞ്ഞ് എസ്.എം.എസ് അയക്കില്ല. ഇഖാമ പുതുക്കാറായാല്‍ ഒരു മാസം മുമ്പ് ബാങ്കില്‍ അപ്‌ഡേറ്റ് ചെയ്യേണ്ട കാര്യം ഉണര്‍ത്തി എസ്.എം.എസ് ലഭിക്കാറുണ്ട്. ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് നമ്പറും മറ്റുവിവരങ്ങളും ഇങ്ങനെ ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് നല്‍കരുത്.
എ.ടി.എം ബ്ലോക്കായി എന്ന് എസ്.എം.എസ് ലഭിച്ചതിനെ തുടര്‍ന്ന് അതില്‍ കാണിച്ചിരുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടു. അറബിയിലായിരുന്നു എസ്.എം.എസ്. ബാങ്ക് അക്കൗണ്ട് എന്‍.സി.ബിയില്‍ അല്ല എന്നു പറഞ്ഞപ്പോള്‍ പിന്നെ ഏതു ബാങ്കിലാണ് അക്കൗണ്ട് എന്നായി അന്വേഷണം. ഇംഗ്ലീഷില്‍ മറുപടി നല്‍കിയപ്പോള്‍ ഇംഗ്ലീഷ് സംസാരിക്കുന്നയാള്‍ക്ക് ഫോണ്‍ നമ്പര്‍ കൈമാറി. അക്കൗണ്ട് നമ്പറായി ഏതാനും നമ്പറുകള്‍ പറഞ്ഞപ്പോള്‍ അത് അല്‍ റാജ്ഹി ബാങ്കിന്റെ അക്കൗണ്ട് നമ്പറല്ലെന്നായി മറുപടി.
എസ്.എം.എസ് അയച്ച നിങ്ങളുടെ പക്കല്‍ അക്കൗണ്ട് നമ്പറില്ലേ എന്ന ചോദ്യത്തന് യഥാര്‍ഥ ഉപഭോക്താവാണോ എന്നു വെരിഫൈ ചെയ്യേണ്ടതുണ്ടെന്നും അത് സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ വ്യവസ്ഥയാണെന്നും മറുപടി നല്‍കി. പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ സംഭാഷണം അവസാനിപ്പിച്ചു.
ഉപഭോക്താവിന്റെ അക്കൗണ്ട് നമ്പര്‍ ലഭ്യമാക്കി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടത്തുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ജാഗ്രത പുലര്‍ത്താത്ത ഉപഭോക്താവില്‍നിന്ന് അക്കൗണ്ടിന്റെ പാസ് വേഡും പിന്നാലെ മൊബൈലിലേക്ക് വരുന്ന ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനാണ് ശ്രമിക്കുന്നത്.
അക്കൗണ്ട് നമ്പര്‍ കരസ്ഥമാക്കി അതിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം പിന്നീട് അവര്‍ക്ക് ആവശ്യമായ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കാനും ശ്രമിക്കാറുണ്ട്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി (സാമ) നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അക്കൗണ്ട് വിവരങ്ങള്‍ ഒരിക്കലും ടെലിഫോണ്‍ വഴി നല്‍കാതിരിക്കുകയാണ് ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാനുള്ള പ്രാഥമിക ജാഗ്രത. സൗദി അറേബ്യയിലെ ഒരു ബാങ്കും ടെലിഫോണില്‍ എ.ടി.എമ്മിന്റേയോ ഓണ്‍ലൈന്‍ സര്‍വീസിന്റെയോ പിന്‍ നമ്പറുകള്‍ ആവശ്യപ്പെടില്ല.


പരിഷ്‌കരിച്ച മലയാളം ന്യൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം


 

Latest News