Sorry, you need to enable JavaScript to visit this website.

പ്രചരിക്കുന്നത് കള്ളമെന്ന് വലീദ് രാജകുമാരന്‍; രാജാവുമായും കിരീടാവകാശിയുമായും ഉറ്റബന്ധം

അഴിമതി വിരുദ്ധ പോരാട്ടത്തെ പിന്തുണക്കുന്നു -അൽവലീദ്
തന്നെക്കുറിച്ച് പ്രചരിച്ചതെല്ലാം കള്ളങ്ങൾ

റിയാദ് - സൗദി അറേബ്യ കഴിഞ്ഞ വർഷം നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തെ പിന്തുണക്കുന്നതായി അറബ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനും വ്യവസായ പ്രമുഖനുമായ അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ പറഞ്ഞു. അമേരിക്കൻ ചാനലായ ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി വിരുദ്ധ പോരാട്ടം പ്രധാനമായിരുന്നു. അഴിമതി കേസിൽ അറസ്റ്റിലായ പലരും അറസ്റ്റ് ചെയ്യപ്പെടുന്നതിന് അർഹരായിരുന്നു. സൗദിയിൽ നേരത്തെ അഴിമതി വ്യാപകമായിരുന്നു. 
അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി താൻ അറസ്റ്റിലായതിന്റെ ഒന്നാം വാർഷികമാണിന്ന്. അഴിമതി വിരുദ്ധ പോരാട്ടത്തിനിടെ നിരവധി പേരെ വലിയ തോതിലുള്ള ശുദ്ധികലശത്തിന് വിധേയരാക്കി. തന്റെ പ്രശ്‌നത്തിൽ തെറ്റിദ്ധാരണയുണ്ടായിരുന്നു. താനിപ്പോൾ പുറത്താണുള്ളത്. തനിക്ക് ഇപ്പോൾ യാതൊരുവിധ പ്രശ്‌നവുമില്ല. സംഭവിച്ചത് താൻ വിസ്മരിച്ചിരിക്കുന്നു. അതെല്ലാം പഴയ കാര്യമാണ്. 
സൽമാൻ രാജാവുമായും കിരീടാവകാശിയുമായും തനിക്ക് മികച്ച ബന്ധമാണുള്ളത്. അഴിമതി കേസിൽ അറസ്റ്റിലായി റിയാദ് റിട്‌സ് കാൾട്ടൻ ഹോട്ടലിൽ കഴിഞ്ഞ കാലത്ത് താൻ പീഡനങ്ങൾക്ക് ഇരയായിട്ടില്ല. സമ്പത്ത് ഖജനാവിൽ തിരിച്ചടക്കുന്നതിന് ബലപ്രയോഗത്തിലൂടെ തന്നെ നിർബന്ധിക്കുകയും ചെയ്തിട്ടില്ല. ഇതെല്ലാം മാധ്യമങ്ങൾ പ്രചരിപ്പിച്ച കള്ളങ്ങളും കിംവദന്തികളുമാണ്. 
ഇത്തരം റിപ്പോർട്ടുകളെല്ലാം കസ്റ്റഡിയിൽ കഴിയുന്ന കാലത്ത് ടി.വിയിൽ താൻ കണ്ടിട്ടുണ്ട്. തന്നെ പീഡിപ്പിക്കുന്നതിന് ഒരു വലിയ സംഘം തന്നെ എത്തിയെന്നും തന്നെ തലകീഴായി കെട്ടിത്തൂക്കിയിട്ടെന്നും കടുത്ത സുരക്ഷാ ബന്തവസ്സുള്ള ജയിലിലേക്ക് തന്നെ മാറ്റിയെന്നുമെല്ലാം റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതെല്ലാം യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത പച്ചക്കള്ളങ്ങളാണ്. തന്റെ സമ്പത്തെല്ലാം സർക്കാർ പിടിച്ചെടുത്തെന്ന നിലക്കുള്ള കിംവദന്തികൾ താനും കേട്ടിട്ടുണ്ട്. തന്റെ സമ്പത്തെല്ലാം പഴയപോലെ ഇപ്പോഴുമുണ്ട്. 
തന്റെ ഉടമസ്ഥതയിലുള്ള കിംഗ്ഡം ഹോൾഡിംഗ് കമ്പനിയുടെ 95 ശതമാനം ഓഹരികളും ഇപ്പോഴും തനിക്ക് തന്നെയാണെന്ന് സൗദി ഷെയർ മാർക്കറ്റ് വിവരങ്ങൾ സ്ഥിരീകരിക്കുന്നതായും അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ പറഞ്ഞു. 
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പദവിക്ക് അർഹനാണ്. സാമൂഹിക, സാമ്പത്തിക, ധന മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കിരീടാവകാശി നടപ്പാക്കുന്നത്. വലിയ തോതിലുള്ള മാറ്റങ്ങളിലൂടെയും പരിഷ്‌കരണങ്ങളിലൂടെയുമാണ് രാജ്യം ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ പറഞ്ഞു. 
ജമാൽ ഖശോഗി വധത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ബന്ധമില്ല. ജമാൽ ഖശോഗി തന്റെ സുഹൃത്ത് മാത്രമായിരുന്നില്ല. അദ്ദേഹം തനിക്കൊപ്പം പ്രവർത്തിച്ചിട്ടുമുണ്ട്. അൽഅറബ് ചാനലിലാണ് സൗദിയിൽ അവസാനമായി ഖശോഗി ജോലി ചെയ്തത്. ജമാൽ ഖശോഗി ഒരിക്കലും സർക്കാർ വിരുദ്ധനായിരുന്നില്ല. ഖശോഗി സംഭവത്തിൽ സൗദി അറേബ്യ യാഥാർഥ്യങ്ങൾ പുറത്തു കൊണ്ടുവരുമെന്ന കാര്യത്തിൽ തനിക്ക് ഉറപ്പുണ്ട്. അന്വേഷണം പൂർത്തിയാക്കുന്നതിനും അന്വേഷണ ഫലം പരസ്യപ്പെടുത്തുന്നതിനും സൗദി ഗവൺമെന്റിന് സമയം നൽകണം. 
ഇസ്താംബൂൾ കോൺസുലേറ്റിൽ വെച്ച് ഖശോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. വിദേശങ്ങളിൽ കഴിയുന്ന വിമത പ്രവർത്തകരെ സൗദിയിലേക്ക് മടങ്ങുന്നതിന് പ്രേരിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് ഉത്തരവുകളിടാറുണ്ടെന്നും രാജ്യം സമ്മതിച്ചിട്ടുണ്ട്. 
ഈ ഉത്തരവുകൾ നടപ്പാക്കുന്നതിന് രഹസ്യാന്വേഷണ ഏജൻസിയിലെ ചില ഉദ്യോഗസ്ഥർ ഖശോഗിയുമായുള്ള ചർച്ചകൾക്ക് ഒരു സംഘം ആളുകളെ തുർക്കിയിലേക്ക് അയക്കുകയായിരുന്നെന്നാണ് താൻ കരുതുന്നത്. 
എന്നാൽ കാര്യങ്ങൾ തെറ്റായ രീതിയിലാണ് പരിസമാപിച്ചത്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ പറഞ്ഞു. 
 

Latest News