ദുബായ്- ഓരോ ഇമാറാത്തിക്കും അഭിമാനം പകര്‍ന്ന് വാനിലേക്ക് കുതിച്ച ഖലീഫ സാറ്റ് എന്ന തദ്ദേശീയനിര്‍മിത ഉപഗ്രഹം എടുത്ത ആദ്യ ചിത്രം വൈറലായി. ദുബായിലെ പ്രശസ്തമായ പാം ജുമൈറയുടെ ചിത്രമാണ് ഉപഗ്രഹം ആദ്യമായി പകര്‍ത്തിയത്. മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലെ എന്‍ജിനീയര്‍മാര്‍ ചിത്രം മാധ്യമങ്ങള്‍ക്ക് പങ്കുവെച്ചു.
ബഹിരാകാശത്ത് അടുത്ത അഞ്ചുവര്‍ഷം ഖലീഫസാറ്റ് ലക്ഷ്യമിടുന്ന എര്‍ത്ത് ഇമേജിംഗ് ദൗത്യത്തിന്റെ ആദ്യചുവടുവെപ്പാണിത്. ഹൈറെസല്യൂഷന്‍ ചിത്രം ഖലീഫ സാറ്റിനെക്കുറിച്ച പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു.
ഒക്‌ടോബര്‍ 31 ന് പകല്‍ 1.32 ന് ഖലീഫസാറ്റ് ദുബായിക്കു മുകളിലൂടെ കടന്നുപോയപ്പോഴാണ് ചിത്രം പകര്‍ത്തിയത്. ഉപഗ്രഹത്തില്‍നിന്ന് ലഭിച്ച ആദ്യത്തെ രണ്ട് ഷോട്ടുകള്‍ അറേബ്യന്‍ ഗള്‍ഫിന്റേയും വേള്‍ഡ് ഐലന്റിന്റേയുമാണ്. എന്നാല്‍ ഇമേജിംഗ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ലാത്തതിനാല്‍ അത് പ്രിന്റ് ചെയ്തില്ലെന്ന് അധികൃതര്‍ പറഞ്ഞു.