ജിദ്ദ- ഗതാഗത നിയമ ലംഘനങ്ങളിലെ കുറ്റക്കാരായ 302 പേർ ഇതിനകം ജിദ്ദയിലെ നാലു സർക്കാർ ആശുപത്രികളിൽ സാമൂഹിക സേവനം നടത്തി.
കിംഗ് ഫഹദ്, കിംഗ് അബ്ദുൽ അസീസ്, ഈസ്റ്റ് ജിദ്ദ, കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സ് എന്നീ ആശുപത്രികളിലാണ് നിയമ ലംഘകർ സാമൂഹിക സേവനം നടത്തിയത്. ആശുപത്രികളിൽ സാമൂഹിക സേവന വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ മേൽനോട്ടത്തിൽ രോഗീപരിചരണ മേഖലയിലാണ് നിയമ ലംഘകർക്ക് സാമൂഹിക സേവനം നിർബന്ധമാക്കുന്നത്.
'നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ലക്ഷ്യം' എന്ന ശീർഷകത്തിൽ നടപ്പാക്കുന്ന ട്രാഫിക് പ്രോഗ്രാം ഗുണഭോക്താക്കൾക്കാണ് സാമൂഹിക സേവനം നിർബന്ധമാക്കുന്നത്. ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവരെ സാമൂഹിക സേവനത്തിന് ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റ് പ്രതിവാരം ആശുപത്രികളിലേക്ക് നിയോഗിക്കുന്നുണ്ട്. നഗരത്തിലെ വിവിധ സർക്കാർ ആശുപത്രികളിലേക്കാണ് ഇവരെ നിയോഗിക്കുന്നത്. ആശുപത്രികളിലെ ബന്ധപ്പെട്ട വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ഇവർ രോഗീ പരിചരണ മേഖലയിൽ സാമൂഹിക സേവനം നടത്തേണ്ടത്. സാമൂഹിക സേവനം പൂർത്തിയാക്കുന്നവരുടെ പ്രവർത്തനം വിലയിരുത്തി ആശുപത്രികളിൽ നിന്ന് ട്രാഫിക് ഡയറക്ടറേറ്റിന് റിപ്പോർട്ടുകൾ സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് ഡയറക്ടറേറ്റ് നിയമ ലംഘകരുടെ കാര്യത്തിൽ തുടർ നടപടികൾ പൂർത്തിയാക്കുകയാണ് ചെയ്യുന്നത്.
ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെയും നിയമങ്ങൾ പാലിക്കാതെയുള്ള സാഹസിക ഡ്രൈവിംഗിന്റെ അപകടങ്ങളെ കുറിച്ചും നിയമ ലംഘകരെ ബോധവൽക്കരിക്കുന്ന പ്രഭാഷണങ്ങളും നിയമ ലംഘകരെ ലക്ഷ്യമിട്ട് ആശുപത്രികളിൽ സംഘടിപ്പിക്കുന്നുണ്ട്. ജിദ്ദയിലെ ആശുപത്രികളിൽ ഇത്തരത്തിൽ പെട്ട 98 പ്രഭാഷണങ്ങളാണ് ഇതുവരെ സംഘടിപ്പിച്ചത്. അപകടങ്ങളിൽ പെടുന്നവരുടെ ഹൃദയമിടിപ്പ് വീണ്ടെടുക്കുന്നതിൽ നിയമ ലംഘകർക്ക് സൗജന്യ പരിശീലനം നൽകി 135 ക്ലാസുകളും ഇതിനകം നടത്തിയിട്ടുണ്ട്.