പരിഷ്‌കരിച്ച മലയാളം ന്യൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം
റിയാദ് - ഹൂത്തികൾക്കെതിരായ യുദ്ധത്തിനിടെ പരിക്കേറ്റ് റിയാദ് പ്രിൻസ് സുൽത്താൻ മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന സൈനികനെ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സന്ദർശിച്ചു.
ഇന്നലെയാണ് അപ്രതീക്ഷിതമായി ആശുപത്രിയിലെത്തി കിരീടാവകാശി സൈനികൻ ഹസൻ അഹ്മദ് അൽഫൈഫിയെ കണ്ടത്. കിരീടാവകാശിയുടെ വിനയവും സംസാരത്തിലെ ലാളിത്യവും തന്നെ ആകർഷിച്ചതായി ഹസൻ അഹ്മദ് അൽഫൈഫി പറഞ്ഞു. തന്റെ ആരോഗ്യനിലയെ കുറിച്ച് കിരീടാവകാശി അന്വേഷിച്ചറിയുകയും എന്തെങ്കിലും സഹായങ്ങൾ ആവശ്യമുണ്ടോയെന്ന് ആരായുകയും ചെയ്തു. ഇത് തന്റെ വേദന ലഘൂകരിച്ചു. പോരാട്ട ഭൂമിയിലേക്ക് മടങ്ങുന്നതിന് പരിക്കുകൾ ഭേദമാകുന്നത് കാത്തിരിക്കുകയാണ് താനെന്നും ഹസൻ അഹ്മദ് അൽഫൈഫി പറഞ്ഞു. ശത്രുവിനെ ചെറുക്കുന്നതിലും പരാജയപ്പെടുത്തുന്നതിലുമുള്ള സുധീരതക്ക് ഹസൻ അഹ്മദ് അൽഫൈഫിക്ക് ഏതാനും മെഡലുകൾ ലഭിച്ചിട്ടുണ്ട്.