കൊച്ചി- ഐ.എസ്.എല്ലിലെ തെന്നിന്ത്യൻ ബദ്ധവൈരികൾ തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ 2-1 ന് തോൽപിച്ച് ബംഗളൂരു എഫ്.സി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. കരുത്തരായ എതിരാളികൾക്കെതിരെ ഒപ്പത്തിനൊപ്പം പൊരുതിയ ബ്ലാസ്റ്റേഴ്‌സിന് സെൽഫ് ഗോളാണ് നിർഭാഗ്യമായത്. കളി തീരാൻ പത്ത് മിനിറ്റ് ശേഷിക്കെ മികുവിന്റെ പാസിൽ സിസ്‌കൊ ഹെർണാണ്ടസ് പായിച്ച ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി നവീൻകുമാർ സമർഥമായി തടുത്തിട്ടതായിരുന്നു. എന്നാൽ നികോള ക്രമാരെവിച്ചിന്റെ ശരീരത്തിൽ തട്ടിത്തിരിഞ്ഞ് പന്ത് വലയിൽ കയറി. ആദ്യ പകുതിയിൽ സുനിൽ ഛേത്രിയിലൂടെ ബംഗളൂരു ലീഡ് നേടിയപ്പോൾ സ്ലാവിസ സ്‌റ്റോയനോവിച്ചിന്റെ പെനാൽട്ടിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോൾ മടക്കി. ഐ.എസ്.എല്ലിൽ ബ്ലാസ്‌റ്റേഴ്‌സിനെതിരായ മൂന്നു കളികളും ബംഗളൂരു ജയിച്ചു. അഞ്ചു കളിയിൽ 13 പോയന്റുമായി ബംഗളൂരു പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. ഏഴ് കളിയിൽ 11 പോയന്റുള്ള ജാംഷഡ്പൂർ എഫ്.സിയെ അവർ മറികടന്നു. കഴിഞ്ഞ കളികളിലെ മധ്യനിരയിലെ പ്രശ്‌നങ്ങൾ ബ്ലാസ്റ്റേഴ്‌സ് പരിഹരിച്ചതോടെ ഒത്തിണക്കമുള്ള കളിയാണ് ആതിഥേയർ കാഴ്ചവെച്ചത്. ആദ്യ പത്ത് മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് രണ്ട് അവസരങ്ങളൊരുക്കുന്നതു കണ്ടാണ് കളി തുടങ്ങിയത്. കെ. പ്രശാന്തിന്റെ പാസിൽ സി.കെ. വിനീത് ഇടങ്കാലൻ ഷോട്ട് പായിച്ചെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ പറന്നു. സഹൽ അബ്ദുൽ സമദ് കുതിച്ചു പാഞ്ഞ് നൽകിയ ക്രോസും ഫലം ചെയ്തില്ല. പതിനേഴാം മിനിറ്റിൽ ബംഗളൂരുവിന് കിട്ടിയ ആദ്യത്തെ പ്രധാനപ്പെട്ട അവസരം ഗോളായി. മികുവും സുനിൽ ഛേത്രിയും ചേർന്നുള്ള മനോഹരമായ നീക്കത്തിനൊടുവിൽ പന്തുമായി കുതിച്ച ഛേത്രിയെ സന്ദേശ് ജിൻഗാൻ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഛേത്രി പന്ത് വലയിലേക്ക് പായിച്ചു. അതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണർന്നു. അവരുടെ ആക്രമണങ്ങളിൽ ബംഗളൂരു പ്രതിരോധം ഉലഞ്ഞു. വിനീത് ഒരുക്കിയ മനോഹരമായ അവസരത്തിൽ സെമിൻലൻ ദൗംഗലിന്റെ ഷോട്ട് വലയുടെ വശത്തേക്കായി. തൊട്ടുടനെ പ്രശാന്തിന്റെ ഷോട്ട് ഗുർപ്രീത് സിംഗ് സമർഥമായി കൈയിലൊതുക്കി.
ഇരുപത്തെട്ടാം മിനിറ്റിൽ ആതിഥേയരുടെ ശ്രമങ്ങൾക്ക് ഫലം കണ്ടു. ഡ്രിബിൾ ചെയ്ത് ബോക്‌സിലേക്ക് കയറിയ സമദിനെ നിഷുകുമാർ വീഴ്ത്തി. സ്ലാവിസ സ്‌റ്റോയനോവിച് പന്ത് വലയുടെ മോന്തായത്തിലേക്ക് പറത്തിയതോടെ മഞ്ഞപ്പട ഇളകി. കഴിഞ്ഞ കളിയിൽ സ്റ്റോയനോവിച് പെനാൽട്ടി പാഴാക്കിയിരുന്നു. ആദ്യ പകുതിയിൽ ബംഗളൂരുവിന് മറ്റൊരു സുവർണാവസരം കൂടി ലഭിച്ചെങ്കിലും ഇരു ടീമുകളും ഇടവേളയിൽ 1-1 ന് പിരിഞ്ഞു. ഫഌ്‌ലൈറ്റ് പൂർണമായി കത്താത്തതിനാൽ രണ്ടാം പകുതി തുടങ്ങാൻ അൽപം വൈകി. കാണികൾ മൊബൈൽ വെളിച്ചം പരത്തി ഈ അവസരം ആഘോഷിച്ചു. രണ്ടാം പകുതി നന്നായി തുടങ്ങിയത് ബംഗളൂരുവാണ്. മികുവിന്റെ ഷോട്ട് നവീൻകുമാർ രക്ഷിച്ചു. മറുവശത്ത് ഡൗംഗൽ വീണ്ടും വലയുടെ വശങ്ങളിലേക്കടിച്ചു. ക്രമേണ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം നേടി. പക്ഷേ നിർഭാഗ്യകരമായ സെൽഫ് ഗോൾ അവരുടെ ആത്മവീര്യം തകർത്തു. പിന്നീട് നല്ലൊരു ആക്രമണം സംഘടിപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല.