ദോഹ- ഫ്രഞ്ച് ഭാവനയില്‍ വിരിഞ്ഞ കലാവിസ്മയമായി ദോഹ കോര്‍ണിഷില്‍ പുതിയ മ്യൂസിയം. വാസ്തുശില്‍പകലയുടെ കാര്യത്തില്‍ പുതിയ തരംഗമുണര്‍ത്തുന്നതാവും അടുത്ത വര്‍ഷം മാര്‍ച്ച് 28 ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ദേശീയ മ്യൂസിയമെന്ന് ഖത്തര്‍ മ്യൂസിയംസ് ചെയര്‍പഴ്‌സന്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി ട്വിറ്ററില്‍ കുറിച്ചു.
മരുഭൂവിലെ പനിനീര്‍പ്പൂ എന്ന് അറിയപ്പെടുന്ന കല്ലിനെ അടിസ്ഥാനമാക്കിയാണ് ഫ്രഞ്ച് ആര്‍ക്കിടെക്റ്റായ ഴാന്‍ ന്യൂസെലിന്റെ നിര്‍മിതി. മരുഭൂമിക്കും കടലിനുമിടയിലുള്ള ഖത്തരി ജനതയുടെ ജീവിതത്തെ പ്രതീകാത്മകമായി ഇത് ചിത്രീകരിക്കുന്നു. ശൈഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍ ഥാനിയുടെ പഴയ കൊട്ടാരത്തെ ചുറ്റിയാണു ദേശീയ മ്യൂസിയം. ദേശീയ മ്യൂസിയത്തിലേക്ക് പ്രദര്‍ശന വസ്തുക്കള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ജനുവരിയോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഖത്തറിന്റെ സാംസ്കാരിക ചരിത്രത്തിലെ പുതിയൊരേടായിരിക്കും ദേശീയ മ്യൂസിയമെന്നാണ് അധികൃതരുടെ പ്രതീക്ഷ.