Sorry, you need to enable JavaScript to visit this website.

ശബരിമലയില്‍ ഇടപെട്ടത് വിശ്വാസികളല്ല; നടപ്പായത് ബി.ജെപി അജണ്ട- മുഖ്യമന്ത്രി

കണ്ണൂര്‍- ശബരിമലയില്‍ ബി.ജെ.പി നടപ്പാക്കിയ അജണ്ട മറയില്ലാതെ വെളിപ്പെടുത്തിയിരിക്കയാണ് പാര്‍ട്ടി പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയില്‍ ഒരു വിശ്വാസിയുടേയും ഇടപെടല്‍ ഉണ്ടായിട്ടില്ല. അവിടെ നടപ്പിലാക്കിയത് ബി.ജെ.പി അജണ്ട മാത്രമാണ്. അതിനോടൊപ്പം ഇറങ്ങിപ്പുറപ്പെട്ട കോണ്‍ഗ്രസിന് എത്ര അണികളെ  തിരിച്ചുപിടിക്കാനാകുമെന്നു മുഖ്യമന്ത്രി ചോദിച്ചു. നുണ പ്രചാരണത്തിന്റെ മാസ്റ്റേഴ്‌സാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതു മുന്നണി കണ്ണൂരില്‍ സംഘടിപ്പിച്ച നവോഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ദൃഢമായ മതനിരപേക്ഷതയെ ഇളക്കാനാവുമോ എന്നാണ് ഇപ്പോള്‍ സംഘപരിവാര്‍ ശ്രമം. സാമൂഹ്യമാറ്റത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത പാര്‍ട്ടിയാണ് ആര്‍.എസ്.എസ്. മാത്രമല്ല, സ്വാതന്ത്ര്യ സമര കാലത്ത് ഒരു പങ്കുപോലും വഹിച്ചില്ലെന്നു മാത്രമല്ല, വൈസ്രോയിയുടെ  അടുത്തു ചെന്ന് ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ് എന്നു പ്രഖ്യാപിച്ച പാരമ്പര്യമാണ് ആര്‍.എസ്.എസിനുള്ളത്. സ്വാതന്ത്ര്യ സമരത്തിനെതിരെ ഗൂഢാലോചന നടത്തിയവരാണ് ആര്‍.എസ്.എസ്. സംഘപരിവാര്‍ നുണ പ്രചാരണം വ്യാപകമായി അഴിച്ചു വിടുന്നു.  വര്‍ഗീയ കലാപങ്ങളില്‍ ഇവര്‍ ആദ്യം നുണ പ്രചാരണം അഴിച്ചു വിടുന്നു. പണ്ട് ഗുരുവായൂരില്‍ ഇത്തരത്തില്‍ നടത്തിയ സമരം ഓര്‍ക്കുന്നത് നല്ലതാണ്. അവിടെ സത്യാഗ്രഹം നടത്തുകയും പ്രത്യേക ഭണ്ഡാരം സ്ഥാപിക്കുകയും ചെയ്തു. ഒടുവില്‍ ആ സമരം പൂട്ടിക്കെട്ടി പോവേണ്ടി വന്നു. സര്‍ക്കാര്‍ ശബരിമലക്കെതിരെതിരായി എന്തോ ചെയ്യുന്നുവെന്നാണ് ഇപ്പോഴത്തെ പ്രചാരണം. ശബരിമലയെ സംരക്ഷിക്കാനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്രളയ ദുരന്തത്തിനിടയിലും ശബരിമലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കം നല്‍കിയത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്‍സ്ട്രക് ഷന്‍ കമ്പനിയായ  ടാറ്റയെയാണ് ചുമതലപ്പെടുത്തിയത്.
     കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. നിയമ വാഴ്ചയില്‍ വിശ്വസിക്കുന്നവരാരും ഇത് വേണ്ടെന്നു പറയില്ല. ഇതിനു മുമ്പ് ഹൈക്കോടതി വിധി വന്നു. എല്ലാ കാര്യങ്ങളും വ്യക്തമായി പരിശോധിച്ച ശേഷമാണ് സുപ്രിം കോടതി വിധിയുണ്ടായത്. - പിണറായി പറഞ്ഞു.
വിശ്വാസികളുടെ, വിശ്വാസ സംരക്ഷണത്തിനു സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കും. മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുമെന്നു പറയുന്നത് ഓരോരാള്‍ക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ സാധിക്കുക എന്നതാണ്. വിശ്വാസികള്‍ക്കു സര്‍ക്കാര്‍ സംരക്ഷണമുണ്ട്. ശബരിമലയെ സംരക്ഷിക്കുന്ന നടപികളില്‍ സ്വീകരിക്കും. ശബരിമലയെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിനു പ്രധാനമാണ്. മതേരത സംസ്‌കാരം നിലനില്‍ക്കുന്ന ആരാധനാലമാണിത്. ശബരിമലയ്ക്കു പ്രത്യേക പ്രാധാന്യമുണ്ട്. തന്ത്രി കുടുംബം പ്രത്യേക സാഹചര്യത്തിലാണ് അവിടെ വരുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനമായ ആരാധനാലയമാണ്. ശബരിമലയില്‍ പണം ഭണ്ഡാരത്തില്‍ ഇടരുതെന്നാണ് ഇപ്പോള്‍ സംഘപരിവാര്‍ നടത്തുന്ന പ്രചാരണം. ശബരിമലയിലെ ഒരു കാശും സര്‍ക്കാരിന്റെ ഖജനാവിലേക്കു വരുന്നില്ല. ദേവസ്വം ബോര്‍ഡിലാണ് ഈ പണം എത്തുന്നത്. സര്‍ക്കാരിനു ഒരു പൈ വരുമാനമില്ല. എന്നാല്‍ സര്‍ക്കാര്‍ നല്ലൊരു തുക ശബരിമലയ്ക്കു നല്‍കുന്നുണ്ട്. യു.ഡി.എഫ് കാലത്ത് 47 കോടി രൂപയാണ് നല്‍കിയത്. ഇടതു സര്‍ക്കാര്‍ വന്നതില്‍ 133 കോടിയാണ് ശബരിമലയ്ക്കു സര്‍ക്കാര്‍ ചെലഴിച്ചത്. ഈ വര്‍ഷം 202 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതാണ് വസ്തുത. - മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടതു മുന്നണി നേതാക്കളായ പി.ജയരാജന്‍, സി.എന്‍.ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest News