കോൺഗ്രസ് എസ്, എൻ.സി.പി എന്നൊക്കെ പറയുന്നത് ബൂർഷ്വാ പിന്തിരിപ്പൻ പാർട്ടികൾ. ഈ പാർട്ടികളുടെ ഒരു സംസ്ഥാന നേതാവ് കണ്ണൂരിൽ നിന്നുണ്ടായിരുന്നു. അദ്ദേഹും പണ്ട് മന്ത്രിയായിരുന്നു. കണ്ണൂരിലെ പത്രപ്രവർത്തകർക്ക് അക്കാലത്ത് ഒരു ആത്മഹത്യാ വാർത്ത ലഭിച്ചു. മന്ത്രിയുടെ ഇളയ സഹോദരനാണ് ജീവനൊടുക്കിയത്. അതുകൊണ്ട് തന്നെ വാർത്തയ്ക്ക് പ്രാധാന്യമേറി. കാരണമെന്തെന്നല്ലേ.. വീട്ടിനടുത്തുള്ള മാവേലി സ്റ്റോറിൽ ഒരു സഹായിയുടെ ജോലിയെങ്കിലും ലഭിക്കണമെന്ന് ഈ ചെറുപ്പക്കാരൻ ആഗ്രഹിച്ചിരുന്നു. ജ്യേഷ്ഠൻ ഒന്ന് വിളിച്ച് പറഞ്ഞാൽ മാവേലി സ്റ്റോറിലെ മാനേജർ പണി പോലും സ്വർണത്തളികയിൽ വീട്ടിൽ കൊണ്ടുവന്നു തരുമെന്നത് യാഥാർഥ്യം. ഖദറിട്ട പഴയ കാല നേതാവ് സംശുദ്ധമായ പൊതു ജീവിതം വാക്കിലും പ്രവൃത്തിയിലും കാത്തു സൂക്ഷിക്കുന്ന ആളായതിനാൽ അദ്ദേഹം അതിനൊന്നും മുതിർന്നില്ല. അക്കാലത്ത് മന്ത്രിമാർക്ക് അത്യാഡംബര കാറുകളൊന്നുമുണ്ടായിരുന്നില്ല. ഈ പറഞ്ഞ വലതുപക്ഷ പാർട്ടിയുടെ നേതാവിനൊപ്പം പല ദിവസം രാത്രികളിലും കെ.എസ്.ആർ.ടിസിയുടെ കോഴിക്കോട്-മംഗലാപുരം ഫാസ്റ്റ് പാസഞ്ചറിൽ യാത്ര ചെയ്തിട്ടുണ്ട്. അഴിമതി വിരുദ്ധനെന്ന് പറയുമ്പോൾ പലരുടെയും മനസ്സിൽ ആദ്യം തെളിയുന്ന മുഖം കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെയാണ്. അദ്ദേഹം താൽപര്യമെടുത്ത് ബന്ധുവിന് ലഭിക്കുമായിരുന്ന ജോലി തട്ടി മാറ്റിയിട്ടുണ്ട്. കോഴിക്കോട്ടെ പി.പി. ഉമ്മർ കോയ ഗാന്ധിയനെന്ന നിലയിലും വിദ്യാഭ്യാസ പരിഷ്‌കർത്താവെന്ന നിലയിലും പ്രശസ്തനാണ്. എന്നാൽ അദ്ദേഹത്തിനുള്ള അയോഗ്യത മന്ത്രിയായിരിക്കേ അവിവിഹതമായി ഒന്നും സമ്പാദിച്ചില്ലെന്നതാണ്. ചുറ്റും കൂടുന്നവർക്കായി ശുപാർശയൊന്നും ചെയ്തില്ലെന്നുമാണ്. കോൺഗ്രസ് പോലൊരു പിന്തിരിപ്പൻ പാർട്ടിയുടെ നേതാവായിരുന്നു ഉമ്മർ കോയയെന്നും ഓർക്കണം.
മന്ത്രി കെ.ടി ജലീൽ വിവാദത്തിലകപ്പെടുന്നത് ഇതാദ്യമല്ല. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജറായി ബന്ധുവിനെ നിയമിച്ചതാണ് പുതിയ വിവാദം. ഈ വിഷയം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആണ് പരസ്യമാക്കിയത്. ഇതിന് മറുപടി പറയാൻ ജലീൽ അനന്തപുരിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കൂടുതൽ പരിഹാസ്യനാവുകയാണ് ചെയ്തത്.
ജലീലിനെതിരെ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പുറത്താക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.പ. മജീദും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ. ടി. ജലീൽ നൽകിയ മറുപടി വസ്തുനിഷ്ഠമല്ലെന്നാണ് യൂത്ത് ലീഗ് പറയുന്നത്.
കോർപറേഷനിൽ നിന്ന് വായ്പകൾ എടുത്തിരിക്കുന്നവരിൽ ഭൂരിപക്ഷവും മുസ്ലിം ലീഗ് പ്രവർത്തകരാണ്. ലീഗ് പ്രവർത്തകർ വായ്പയെടുത്തത് തിരിച്ചടയ്ക്കുന്നില്ലെന്നുമായിരുന്നു ജലീൽ ആരോപിച്ചിരുന്നത്.
നിയമനത്തിനായി അപേക്ഷ നൽകിയ ഏഴ് പേരുടെ യോഗ്യത എന്താണെന്ന് സർക്കാർ പുറത്തു വിടണം. ജനറൽ മാനേജർ പോസ്റ്റിന് യോഗ്യതയുള്ളവർ ഈ അപേക്ഷകരിൽ ഇല്ലായിരുന്നുവെന്ന വാദം തെറ്റാണന്നും പി.കെ. ഫിറോസ് വ്യക്തമാക്കി. പേഴ്‌സണൽ സ്റ്റാഫിലേക്കുള്ള നിയമനം പോലെയല്ല മൈനോറിറ്റി ബോർഡിലേക്കുള്ള നിയമനമെന്ന് ഫിറോസ് പറഞ്ഞു.
ബോർഡിലേക്കുള്ള നിയമനത്തിന് വിജിലൻസ് ക്ലിയറൻസ് ആവശ്യമാണ്. ഇക്കാര്യത്തിൽ മന്ത്രിസഭാ തീരുമാനമുണ്ട്. മന്ത്രി നടത്തിയ നിയമനത്തിന് വിജിലൻസ് ക്ലിയറൻസ് ഉണ്ടായിട്ടുണ്ടോ എന്നും ഫിറോസ് ചോദിച്ചു.
ഏഴ് അപേക്ഷകരുടെയും വിവരങ്ങൾ പുറത്തു വിടാൻ മന്ത്രി തയ്യാറാകണം. മുഖ്യമന്ത്രി ഒപ്പുവെച്ച മന്ത്രിസഭാ യോഗ തീരുമാനം ലംഘിച്ച മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
കോർപറേഷനിൽ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത മുസ്ലിം ലീഗുകാരുണ്ടെങ്കിൽ പേരുകൾ പുറത്തു വിടണമെന്നും ഫിറോസ് വെല്ലുവിളിക്കുകയുണ്ടായി. അഡ്ജസ്റ്റ്‌മെന്റ് കാലത്തെ പല രാഷ്ട്രീയ നേതാക്കൾക്കുമില്ലാത്ത ഉശിരാണ് ഫിറോസ് പ്രകടിപ്പിക്കുന്നത്.
ഇത്രയേറെ വിദ്യാസമ്പന്നരായ തൊഴിൽ രഹിതരുള്ള കേരളം പോലൊരു സംസ്ഥാനത്ത് ബി.ടെകും എം.ബി.എയുമുള്ള ധാരാളം പേരുണ്ടാവും. കേരളത്തിലെ ആയിരക്കണക്കിന് ബി.ടെക് ബിരുദധാരികൾ ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദമെടുക്കുകയെന്നതാണ് തുടർന്ന് ചെയ്തു വരുന്നത്. തസ്തികയിലേക്ക് അപേക്ഷിച്ച ഏഴ് പേരും അയോഗ്യരായിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. പത്രക്കാർക്ക് ആരെയെങ്കിലും നിർദേശിക്കാനുണ്ടെങ്കിൽ അവർക്ക് പണി കൊടുക്കാം. എന്തൊരു ഉദാര മനസ്‌കത.
ബന്ധു നിയമന ആരോപണത്തിൽ മന്ത്രിയെ പിന്തുണച്ച് ഇ.പി. ജയരാജനുണ്ടെന്നതാണ് ആശ്വാസം. ബന്ധു നിയമന വിവാദത്തിൽപെട്ട് മന്ത്രിസ്ഥാനം നഷ്ടമായ വ്യക്തിയാണ് ഇ.പി. ജയരാജൻ. വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെ തുടർന്നാണ് പിന്നീട് അദ്ദേഹം മന്ത്രിസഭയിൽ തിരിച്ചെത്തിയത്. ബന്ധുവായതിനാൽ ഏതെങ്കിലും ഉദ്യോഗസ്ഥന് ഡെപ്യൂട്ടേഷനിൽ ജോലിക്ക് പോയിക്കൂടാ എന്നുണ്ടോ എന്നും ജയരാജൻ ചോദിച്ചു. പറ്റിയ കൂട്ട്. മന്ത്രി ജലീൽ നൽകിയ വിശദീകരണം വിശ്വാസകരമല്ലെന്ന് ബി.ജെ.പി വക്താവ് എം.എസ്. കുമാറും പറഞ്ഞു.
ജലീൽ സിമിയിലൂടെ ലീഗിലെത്തി, ലീഗിനോട് വിട പറഞ്ഞ് സ്വതന്ത്രനായി സി.പിഎം മന്ത്രിസഭയിൽ അംഗമായ ആളാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളിൽ പ്രവർത്തിച്ച പാരമ്പര്യം ഒട്ടുമില്ല. അതുകൊണ്ട് തന്നെ നിർമൽ വിഷയത്തിൽ യു.ഡി.എഫ് കാലത്ത് നടന്ന സമരവും ലാത്തിച്ചാർജുമൊന്നുമറിഞ്ഞിരിക്കാനും വഴിയില്ല.