കോഴിക്കോട്- ബന്ധുനിയമന വിവാദത്തില്‍പ്പെട്ട ന്യൂനപക്ഷ കാര്യ മന്ത്രി കെ.ടി ജലീലിന് കൂടുതല്‍ കുരുക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍. 2016 ഒക്ടോബര്‍ 13ന് ചേര്‍ന്ന ജലീല്‍ കൂടി പങ്കെടുത്ത മന്ത്രിസഭാ യോഗ തീരുമാനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉന്നത പദവികളിലേക്ക് നിയമനം നടത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച വ്യക്തമായ തീരുമാനം കൈകൊണ്ടിട്ടുണ്ട്. മന്ത്രി ജലീല്‍ ഈ നിര്‍ദേശങ്ങളും ഇതിനു അനുബന്ധമായി വന്ന ഉത്തരവും പാലിച്ചില്ലെന്നാണ് ആക്ഷേപം. യുത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉ്ന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയിട്ടുമില്ല. രഹസ്യ സ്വഭാവമുള്ള മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഇവയാണ്.
1. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതതല ഉദ്യോഗസ്ഥ നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍ നിര്‍ബന്ധമാക്കുവാനും ഇതു കര്‍ശനമായി പാലിക്കാനും തീരുമാനിച്ചു.
2. പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തുടങ്ങിയ ഉന്നത തല നിയമനങ്ങളിലേക്ക് ദേശീയ തലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി അവരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണം.
3. മേല്‍ നിയമനങ്ങളില്‍ സുതാര്യതയും നിഷ്പക്ഷതും ഉറപ്പുവരുത്തി പ്രൊഫഷണലുകളെ നിയമിക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തുവാനും തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പു വച്ച ഈ മന്ത്രി സഭാ യോഗ തീരുമാനങ്ങളെ തുടര്‍ന്ന് 2016 ഒക്ടോബര്‍ 15ന് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ മന്ത്രി ബന്ധുവായ കെ.ടി. അദീപിനെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് ഈ ഉത്തരവ് പാലിച്ചാണോ എന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. ഈ സര്‍ക്കാരിന്റെ തന്നെ ഉത്തരവ് ലംഘിച്ചാണ് ഈ നിയമനം നടന്നിരിക്കുന്നതെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു. ഇതു സംബന്ധിച്ച് ജലീലില്‍ ഇനിയും മറുപടി നല്‍കിയിട്ടില്ല.