പാലക്കാട്: സംസ്ഥാനത്തു ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ട് അധ്യക്ഷയ്ക്കും ഉപാധ്യക്ഷനും എതിരെയുള്ള യു.ഡി.എഫ് അവിശ്വാസം ചർച്ചയ്‌ക്കെടുക്കാനിരിക്കെ ഒരു കോൺഗ്രസ് അംഗം രാജിവച്ചു. കൽപാത്തി ഡിവിഷനിലെ കൗൺസിലർ വി. ശരവണനാണ് നാടകീയമായി രാജി പ്രഖ്യാപനം നടത്തിയത്. ഇതോടെ അവിശ്വാസത്തെ പിന്തുണക്കുന്ന അംഗങ്ങളുടെ എണ്ണം 26 ആയി. പാസാകാൻ 27 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.
യു.ഡി.എഫ് നൽകിയ അവിശ്വാസത്തെ പിന്തുണയ്ക്കാൻ സി.പി.എമ്മും തീരുമാനിച്ചതിനിടെയാണ് കോൺഗ്രസ് അംഗത്തിന്റെ രാജി. അവിശ്വാസ പ്രമേയ നോട്ടീസിൽ വെൽഫെയർ പാർട്ടിയുടെ ഏക അംഗവും ഒപ്പിട്ടിരുന്നു.
52 അംഗ കൗൺസിലിൽ 51 അംഗങ്ങൾക്കായിരുന്നു വോട്ടവകാശം. തെരഞ്ഞെടുപ്പ് കേസ് നേരിടുന്നതിനാൽ സ്വതന്ത്ര അംഗം കെ. സെയ്തലവിക്ക് വോട്ട് ചെയ്യാനാകില്ല. കോൺഗ്രസ് അംഗത്തിന്റെ രാജിയോടെ വോട്ട് ചെയ്യാനുള്ളവരുടെ എണ്ണം 50 ആയി ചുരുങ്ങി. 27 അംഗങ്ങൾ അനുകൂലമായി വോട്ടു ചെയ്താലെ അവിശ്വാസ പ്രമേയം വിജയിക്കൂ. ഇനി യു.ഡി.എഫ്, സി.പി.എം, വെൽഫെയർ പാർട്ടി അംഗങ്ങൾ ചേർന്നാലും 26 വോട്ടേ ലഭിക്കൂ. കോൺഗ്രസ് അംഗങ്ങൾക്ക് വോട്ട് ചെയ്യുന്നതിന് വിപ്പും നൽകിയിരുന്നു.
ബി.ജെ.പി 24, കോൺഗ്രസ് 13, മുസ്ലിം ലീഗ് 4, സി.പി.എം 9, വെൽഫെയർ പാർട്ടി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.
ഉപാധ്യക്ഷനെതിരെ നൽകിയ അവിശ്വാസത്തിന്മേൽ ഉച്ചയ്ക്കുശേഷം 3 ന് ചർച്ച നടക്കും.