പത്തനംതിട്ട- ചിത്തിര ആട്ടത്തിരുനാളിന് ശബരിമല ക്ഷേത്രം ഇന്ന് തുറക്കുന്നത് വന്‍ സുരക്ഷാ സന്നാഹത്തോടെ. അതിശക്തമായ പോലീസ് കാവലിലാണ് ക്ഷേത്രത്തിലേക്കുള്ള വഴിയും പരിസരവും. എല്ലാ വഴികളിലും പരിശോധനയുണ്ട്. വൈകീട്ട് അഞ്ചിനാണ് നട തുറക്കല്‍. യുവതീ പ്രവേശനം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെങ്കിലും തടയുമെന്ന ഭീഷണിയുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തുണ്ട്. പോലീസിന്റെ തണ്ടര്‍ ബോള്‍ട്‌സ് കമാന്‍ഡോ സംഘവും ദ്രുതകര്‍മ സേനയും രണ്ടിടത്തായി ക്യാംപ് ചെയ്യുന്നുണ്ട്. ആറു മേഖലകളിലായി മുവ്വായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. പമ്പയില്‍ 100 വനിതാ പോലീസുകാരേയും നിയോഗിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇവരില്‍ മുതിര്‍ന്നവരെ സന്നിധാനത്ത് എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജലീരങ്കി, കണ്ണീര്‍വാത ഷെല്ലുകള്‍ അടക്കം എല്ലാ സുരക്ഷാ മുന്‍കരുതലുകളും പോലീസ് ഒരുക്കിയിട്ടുണ്ട്. മുന്‍പു സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ക്യാമറുകളും പലയിടത്തായി പോലീസ് നേരത്തെ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ആരേയും തിരിച്ചറിയന്‍ കാര്‍ഡ് ഇല്ലാതെ നിലയ്ക്കല്‍ മുതല്‍ കടത്തി വിടില്ല. തീര്‍ത്ഥാടകരെ ഇന്ന് ഉച്ചയോടെ പമ്പയിലേക്കു കടത്തി വിടും.