ജിദ്ദ- കഴിഞ്ഞ ദിവസം ജിദ്ദ റുവൈസിൽ ഷോക്കേറ്റ് മരിച്ച മലപ്പുറം തുവ്വൂർ അക്കരപ്പുറം സ്വദേശി പുത്തൂർ അബൂബക്കറിന്റെ മകൻ നിയാസി (28) ന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. റുവൈസിൽ മഴക്കിടെ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ നിയാസ് തൽക്ഷണം മരിക്കുകയായിരുന്നു. പിതാവ് അബൂബക്കറിന്റെ കൂടെ ഒരുമിച്ചായിരുന്നു താമസം. റുവൈസിലെ ബാറൂം സെന്ററിൽ 'പി.സി ടൈം' കംപ്യൂട്ടർ ഷോറൂമിൽ ഓഫീസ് ബോയ് ആയിരുന്നു. നാട്ടിൽ പുതിയ വീട് വെച്ചു താമസം തുടങ്ങാനുള്ള ഒരുക്കങ്ങളിലായിരുന്നു നിയാസ്. മാതാവ്: റൈഹാനത്ത്. ഭാര്യ: റിൻഷിദ. മകൻ: ഷസമാൻ (രണ്ടര വയസ്സ്).