തൃശൂർ- കയ്പമംഗലം ചെന്ത്രാപ്പിന്നി മഠത്തിക്കുളത്ത് ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശിനി ഈഴവന്തറ വീട്ടിൽ അനിൽ കുമാറിനേയും ഭാര്യ സുമിതയേയുമാണ് കയ്പമംഗലം എസ്.ഐ കെ.ജെ.ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചയോടെ നാട്ടുകാരാണ് കുറ്റിക്കാട്ടിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ കുഞ്ഞിനെ ചെന്ത്രാപ്പിന്നി ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിൽസ നൽകിയ ശേഷം കുഞ്ഞിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പഞ്ചായത്തംഗവും ആശാ വർക്കറും വനിതാ പോലീസും ചേർന്ന് സുമിതയോട് കാര്യം തിരക്കിയെങ്കിലും കുഞ്ഞ് തന്റേതല്ലെന്ന നിലപാടിലായിരുന്നു അവർ. എന്നാൽ അവശ നിലയിലായിരുന്ന ഇവർ കിടന്നിരുന്ന മുറിയിൽ രക്തം കണ്ടെത്തിയത് സംശയം വർധിപ്പിച്ചു. കൂടുതൽ പരിശോധനക്കും ചികിത്സക്കുമായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച സുമിതയേയും ഭർത്താവിനേയും പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അന്വേഷണത്തിൽ വീടിനോട് ചേർന്നുള്ള കുളിമുറിയിലും കുറ്റിക്കാട്ടിലും രക്തവും പ്രസവാവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം അനിൽ കുമാറിനേയും ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത സുമിതയേയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. പുലർച്ചെ പ്രസവവേദന അനുഭവപ്പെട്ട സുമിത വീടിനോട് ചേർന്നുള്ള കുളിമുറിയിൽ പ്രസവിക്കുകയും ഉടൻ തന്നെ ഇരുവരും ചേർന്ന് കുഞ്ഞിനെ അടുത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടനില തരണം ചെയ്ത കുഞ്ഞിനെ തൃശൂർ മുളങ്കുന്നത്ത്കാവിലെ തണൽ ശിശുഭവനത്തിലേക്ക് മാറ്റി. 15 വർഷമായി വിവാഹിതരായ സുമിതക്കും, അനിൽ കുമാറിനും പന്ത്രണ്ടും, രണ്ടരയും വയസ്സുള്ള രണ്ടു പെൺകുട്ടികൾ വേറേയുമുണ്ട്. ഈ രണ്ടു കുട്ടികളും സുരക്ഷിതരല്ലെന്ന് കണ്ട് ചൈൽഡ്‌ലൈൻ പ്രവർത്തകർ ഇവരെ മായന്നൂരിലെ ബാലികാ സദനത്തിലേക്കു മാറ്റി. പ്രതികളെ കോടതി റിമാന്റ് ചെയ്തു.