മഞ്ചേരി- അരീക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഹമ്മദാബാദിൽ അറസ്റ്റിലായ പ്രതിയെ നാട്ടിലെത്തിച്ചു. ഖത്തറിൽ പ്രവാസിയായ അരീക്കോട് സ്വദേശി കാരാട്ട് ഹാരിസിനെ(30)യാണ് ഞായറാഴ്ച ഉച്ചയോടെ മലപ്പുറത്തെത്തിച്ചത്.
പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഖത്തറിൽനിന്ന് അഹമ്മദാബാദിൽ വിമാനമിറങ്ങുമ്പോഴാണ് ഹാരിസ് പിടിയിലായത്. അഹമ്മദാബാദ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡി.സി.ആർ.ബി. എസ്.ഐ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് മലപ്പുറം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി പി.സി ഹരിദാസിന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. മൂന്ന് മാസം മുമ്പാണ് ഹാരിസ് ഖത്തറിലേക്ക് കടന്നത്. വിസ കാലാവധി നീട്ടിക്കിട്ടാത്തതിനാൽ അഹമ്മദാബാദ് വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു നീക്കം. ലുക്കൗട്ട് നോട്ടീസ് നിലവിലുള്ളതിനാൽ പോലീസ് പിടിയിലാകുകയായിരുന്നു. പീഡനത്തിനിരയായ ബാലികയുടെ ബന്ധുവായ മറ്റൊരു ബാലികയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. കേസിൽ അറസ്റ്റ് വൈകുന്നത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.