ദമാം- സൗദിയിലെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ ഇരുപത്തിയെട്ടാമത് ക്ലസ്റ്റർ മീറ്റിൽ ദമാം ഇന്ത്യൻ സ്‌കൂൾ 352 പോയിന്റുകളോടെ വീണ്ടും ഒന്നാം സ്ഥാനത്ത്. റിയാദ് ഇന്ത്യൻ സ്‌കൂളിൽ നടന്ന മീറ്റിൽ 25 സ്‌കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർഥികൾ പങ്കാളികളായി.
ഒക്ടോബർ 26 മുതൽ 30 വരെ അഞ്ചു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ കായിക വിനോദ മത്സരങ്ങൾക്കൊപ്പം ചർച്ചകൾ, പൊതു വിജ്ഞാനം, പ്രശ്‌നോത്തരി, ശാസ്ത്ര സാങ്കേതിക മത്സരങ്ങളും സംഘടിപ്പിച്ചു. ക്ലസ്റ്റർ മീറ്റിൽ വിജയിച്ചവർക്കുള്ള അവാർഡ് ദാന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് മുഖ്യാതിഥിയായിരുന്നു. ദമാം ഇന്ത്യൻ സ്‌കൂൾ ചെയർമാൻ സുനിൽ മുഹമ്മദ്, മറ്റു ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ ഡോ. ഇ.കെ മുഹമ്മദ് ഷാഫി തുടങ്ങിയവർ മത്സരത്തിൽ വിജയികളായ വിദ്യാർഥികളെയും ദമാം ഇന്ത്യൻ സ്‌കൂളിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപകരെയും അഭിനന്ദിച്ചു.