ജിദ്ദ- മഴക്കിടെ മിന്നലേറ്റ് ജിദ്ദയിൽ വീടിന് തീപ്പിടിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ആറു നില കെട്ടിടത്തിനു മുകളിൽ നിർമിച്ച തമ്പ് പൂർണമായും കത്തിനശിച്ചു. കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു പിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ല. മലവെള്ളപ്പാച്ചിൽ മൂലം ജിദ്ദ-ജിസാൻ തീരദേശ പാത സുരക്ഷാ വകുപ്പുകൾ ഇന്നലെ അടച്ചു. ലൈത്തിന് തെക്ക് ആണ് റോഡ് അടച്ചത്.
ശനിയാഴ്ച ജിദ്ദ കിംഗ് ഫഹദ് റോഡും കിംഗ് അബ്ദുല്ല റോഡും സന്ധിക്കുന്ന ശറഫിയയിലെ അടിപ്പാതയിൽ വെള്ളം കയറിയതിൽ ജിദ്ദ നഗരസഭയും ദേശീയ ജല കമ്പനിയും പരസ്പരം പഴിചാരി. ദേശീയ ജല കമ്പനിക്കു കീഴിലെ മാൻഹോളിൽ നിന്ന് വലിയ തോതിൽ ഒഴുകിയെത്തിയ വെള്ളമാണ് അടിപ്പാതയിൽ വെള്ളം കയറുന്നതിന് ഇടയാക്കിയതെന്ന് നഗരസഭ പറഞ്ഞു. വെള്ളം കയറിയതിനെ തുടർന്ന് അടിപ്പാത നഗരസഭ താൽക്കാലികമായി അടച്ചു. വെള്ളം അടിച്ചൊഴിവാക്കി അടിപ്പാത പിന്നീട് ഗതാഗതത്തിന് തുറന്നു കൊടുത്തതായും നഗരസഭ പറഞ്ഞു.
വൈകാതെ നഗരസഭക്കുള്ള മറുപടിയുമായി ദേശീയ ജല കമ്പനി രംഗത്തെത്തി. വീടുകളിൽ നിന്നുള്ള പരിമിതമായ വെള്ളം തിരിച്ചു വിടുന്നതിനാണ് മലിനജല പൈപ്പ്‌ലൈനുകൾ രൂപകൽപന ചെയ്യുന്നത്. മഴവെള്ളവും പ്രളയജലവും തിരിച്ചു വിടുന്നതിനുള്ള ശേഷിയിൽ മലിനജല പൈപ്പ്‌ലൈനുകൾ രൂപകൽപന ചെയ്ത് സ്ഥാപിക്കുന്നില്ല. നിയമ വിരുദ്ധമായി വൻതോതിൽ മഴവെള്ളം മാൻഹോളുകൾ വഴി മലിനജല പൈപ്പ്‌ലൈൻ ശൃംഖലയിലേക്ക് തിരിച്ചുവിട്ടതിന്റെ ഫലമായാണ് കിംഗ് ഫഹദ് റോഡിലെ അടിപ്പാതയിലേക്ക് മാൻഹോൾ വഴി വെള്ളം ഒഴുകിയെത്തിയതെന്നും ദേശീയ ജല കമ്പനി പറഞ്ഞു.
അൽബാഹയിൽ ശക്തമായ മഴക്കിടെ ഒഴുക്കിൽ പെട്ട മൂന്നു പേരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. ബീശക്കും അൽബാഹക്കുമിടയിലെ വാദി ജർശയിലാണ് ഇവർ ഒഴുക്കിൽ പെട്ടത്. അപകടത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് എട്ടു മണിക്കൂർ നീണ്ട തിരച്ചിലിലൂടെയാണ് മൂവരെയും സിവിൽ ഡിഫൻസ് കണ്ടെത്തിയത്. പോലീസും പട്രോൾ പോലീസും റെഡ് ക്രസന്റും ബന്ധപ്പെട്ട വകുപ്പുകളും തിരച്ചിലിൽ ഭാഗഭാക്കായതായി അൽബാഹ സിവിൽ ഡിഫൻസ് വക്താവ് കേണൽ ജംആൻ അൽഗാംദി പറഞ്ഞു.
ലൈത്തിലെ ജദമിൽ ഒഴുക്കിൽപെട്ട വാനിൽ കുടുങ്ങിയ ഒമ്പതംഗ കുടുംബത്തെ മൂന്നു യുവാക്കൾ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. താഴ്‌വര മുറിച്ചു കടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇത് കണ്ട് സൗദി യുവാക്കളായ സുൽത്താൻ അൽ ഫഹ്മിയും ബദ്ർ അൽ ഫഹ്മിയും സ്വയാഫ് മിർദദും ചേർന്ന് കയറുകൾ ഉപയോഗിച്ച് പരസ്പരം ബന്ധിച്ച് കുത്തിയൊലിക്കുന്ന വെള്ളത്തിൽ ഇറങ്ങി സ്ത്രീകളും കുട്ടികളുമടക്കമുള്ള ഒമ്പതു പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഒമ്പതു പേരെയും കരക്കെത്തിച്ചു കഴിഞ്ഞതോടെ വാൻ പൂർണമായും വെള്ളത്തിൽ മുങ്ങി ഒഴുക്കിൽ പെട്ടു. കുടുംബത്തെ യുവാക്കൾ ഗ്രാമത്തിലെ വീട്ടിലെത്തിച്ചു. പിന്നീട് ബന്ധുക്കൾ എത്തി ഇവരെ കൂട്ടിക്കൊണ്ടുപോയി.
ശനിയാഴ്ച മദീനയിൽ പ്രളയത്തിൽ പെട്ട 106 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. പതിനാറിടങ്ങളിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടുള്ളതായി സിവിൽ ഡിഫൻസിൽ വിവരം ലഭിച്ചു. മലയിടിച്ചിൽ മൂലം അൽഫഖ്‌റ റോഡ് സുരക്ഷാ വകുപ്പുകൾ അടച്ചു. അൽബൈദാ പാർക്കിലേക്കുള്ള റോഡും സുരക്ഷാ വകുപ്പുകൾ അടച്ചതായി മദീന സിവിൽ ഡിഫൻസ് അറിയിച്ചു.
യാമ്പുവിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് 12 കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ആകെ 59 അംഗങ്ങൾ അടങ്ങിയ കുടുംബങ്ങൾക്ക് വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി സർക്കാർ ചെലവിൽ ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിൽ താമസ സൗകര്യം ഒരുക്കി നൽകി. ഇന്നലെ ജിദ്ദ, റാബിഗ്, ഖുലൈസ്, മക്ക, തായിഫ്, ലൈത്ത്, ഉത്തര അതിർത്തി പ്രവിശ്യ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.
ഇരുപത്തിനാലു മണിക്കൂറിനിടെ മക്ക പ്രവിശ്യയിൽ മഴക്കിടെ സഹായം തേടി 164 പേർ സിവിൽ ഡിഫൻസിൽ ബന്ധപ്പെട്ടതായി സിവിൽ ഡിഫൻസ് അതോറിറ്റി വെളിപ്പെടുത്തി. മരങ്ങൾ കടപുഴകി വീണതായും വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചതായും വെള്ളം കെട്ടിനിൽക്കുന്നതായും വൈദ്യുതി ഷോർട്ട് സർക്യൂട്ടുള്ളതായും അറിയിച്ചുള്ള പരാതികളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ജിദ്ദയിലാണ്. ഇവിടെ 116 പരാതികൾ ലഭിച്ചു. തായിഫിൽ പതിമൂന്നും ലൈത്തിൽ രണ്ടും അദമിൽ ഒന്നും പരാതികൾ ലഭിച്ചു. മക്കയിലും നിരവധി പരാതികൾ ലഭിച്ചു. വെള്ളം കയറിയ പ്രദേശങ്ങളിൽ കുടുങ്ങിയവരും പ്രളയത്തിൽ പെട്ടവരും അടക്കം 20 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഏറ്റവും കൂടുതൽ പേരെ രക്ഷപ്പെടുത്തിയത് തായിഫിലാണ്. ഇവിടെ ഒമ്പതു പേരെ രക്ഷപ്പെടുത്തി. വാദി ലൈത്തിൽ പ്രളയത്തിൽ കുടുങ്ങിയ മൂന്നു വിദേശികളെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. ഈജിപ്ത്, യെമൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് രക്ഷപ്പെടുത്തിയതെന്ന് മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ സഈദ് സർഹാൻ പറഞ്ഞു.