മദീന- അമേരിക്കയിലെ ഹഡ്‌സൺ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി സഹോദരിമാർക്ക് പ്രവാചക നഗരിയിൽ അന്ത്യവിശ്രമം. ന്യൂയോർക്കിലെ നദിക്കരയിൽ പത്തു ദിവസം മുമ്പാണ് റോട്ടാന അൽഫാരിഇന്റെയും താലാ അൽഫാരിഇന്റെയും മയ്യിത്തുകൾ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ പ്രഭാത നമസ്‌കാരത്തിനു ശേഷം മസ്ജിദുന്നബവിയിൽ മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി മൃതദേഹങ്ങൾ ജന്നത്തുൽ ബഖീഅ് ഖബർസ്ഥാനിൽ മറവു ചെയ്തു.
വിമാന മാർഗം മദീന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മയ്യിത്തുകൾ ബന്ധുക്കൾ സ്വീകരിച്ച് അൽഅൻസാർ ആശുപത്രിയിലെത്തിച്ചാണ് മറവു ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
ഒക്‌ടോബർ 24 ന് ആണ് താലയുടെയും റോട്ടാനയുടെയും മൃതദേഹങ്ങൾ ഹഡ്‌സൺ നദിക്കരയിൽ അടിഞ്ഞ നിലയിൽ കണ്ടെത്തിയത്. മാസ്‌കിംഗ് ടേപ്പ് ഉപയോഗിച്ച് കാലുകളും അരക്കെട്ടും പരസ്പരം ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇതേ ദിവസം രാവിലെ 158-ാം നമ്പർ സ്ട്രീറ്റ് പാർക്കിൽ വെച്ച് ഇരുവരും രാവിലെ ഏഴു മണിയോടെ നമസ്‌കാരം നിർവഹിക്കുന്നത് കണ്ടിരുന്നതായി ദൃക്‌സാക്ഷി മൊഴി നൽകിയിട്ടുണ്ട്. ഇവിടെ നിന്ന് നാലു കിലോമീറ്റർ ദൂരെയാണ് നദിക്കരയിൽ ഇതേ ദിവസം മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിക്കുന്നതിനു മുമ്പ് രണ്ടു മാസക്കാലം ഇരുവരും ന്യൂയോർക്കിൽ കഴിഞ്ഞതായി ന്യൂയോർക്ക് പോലീസ് അറിയിച്ചു. ഹയാത്ത്, ഹിൽട്ടൻ ഹോട്ടലുകളിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഇരുവരും നല്ല ആരോഗ്യവതികളായിരുന്നെന്ന് നിരീക്ഷണ ക്യാമറകൾ പകർത്തിയ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ക്രെഡിറ്റ് കാർഡുകൾ പരമാവധി പരിധിയിലെത്തിയതോടെ ഇരുവരും പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇരുവരും ആദ്യം വാഷിംഗ്ടണിലും പിന്നീട് ഫിലാഡൽഫിയയിലും തങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷമാണ് ഇരുവരും ന്യൂയോർക്ക് മാൻഹട്ടനിലെത്തിയത്. കുടുംബം താമസിക്കുന്ന വിർജീനിയ സംസ്ഥാനത്തെ ഫെയർ ഫാക്‌സിൽ ഓഗസ്റ്റ് 24 ന് ആണ് ഇരുവരെയും അവസാനമായി കണ്ടത്.
രാഷ്ട്രീയാഭയം തേടിയതിനെ തുടർന്ന് അമേരിക്ക വിട്ടുപോകുന്നതിന് ഇരുവരോടും ഉത്തരവിട്ടിരുന്നെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് വാഷിംഗ്ടൺ സൗദി എംബസി വക്താവ് ഫാത്തിമ ബാഈശൻ വ്യക്തമാക്കിയിരുന്നു.