റിയാദ് - തൊഴിലാളിയെ ജോലിക്ക് നിർബന്ധിക്കുകയെന്ന ഉദ്ദേശ്യത്തോടെ പദവിയും സ്വാധീനവും ദുരുപയോഗിക്കുന്നവർക്ക് പതിനഞ്ചു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
അടിമത്തത്തിന് സദൃശമായ പ്രവൃത്തികൾ ചെയ്യുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും. തൊഴിലാളിയെ ജോലിക്ക് നിർബന്ധിക്കുകയെന്ന ഉദ്ദേശ്യത്തോടെ പദവിയും സ്വാധീനവും ദുരുപയോഗിക്കുന്നതും അടിമത്തത്തിന് സദൃശമായ പ്രവൃത്തികളും മനുഷ്യക്കടത്ത് കുറ്റമായി കണക്കാക്കും. ഇത്തരം കേസുകളിലെ പ്രതികൾക്ക് പതിനഞ്ചു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.
മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വ്യാജ സാക്ഷി മൊഴി നൽകുന്നതിനും വ്യാജ തെളിവുകൾ നൽകുന്നതിനും പ്രേരിപ്പിച്ച് ബലപ്രയോഗം നടത്തുന്നതും ഭീഷണിപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും അവകാശപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും മനുഷ്യക്കടത്ത് വിരുദ്ധ നിയമം അനുസരിച്ച് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇത്തരം കേസുകളിലെ പ്രതികൾക്ക് അഞ്ചു വർഷം വരെ തടവോ രണ്ടു ലക്ഷം റിയാൽ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.