ദുബായ് - യു.എ.ഇയില്‍ പൂര്‍ണമായും നിര്‍മിച്ച ആദ്യ ഉപഗ്രഹം ഖലീഫാസാറ്റിന്റെ നിര്‍മാണത്തില്‍ പങ്കാളികളായ എന്‍ജിനീയര്‍മാര്‍ക്കു ഉജ്വല സ്വീകരണം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും, അബുദാബി കിരീടാവകാശിയും ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ ചേര്‍ന്ന് എഴുപത് എന്‍ജിനീയര്‍മാരെ സ്വീകരിച്ചു.
ജപ്പാനില്‍ ഖലീഫാസാറ്റിന്റെ വിക്ഷേപണത്തിനു ശേഷമാണ് ഇവര്‍ മടങ്ങിയെത്തിയത്. യു.എ.ഇയുടെയും അറബ് ലോകത്തിന്റെയും അഭിമാനം ഉയര്‍ത്തിയവരെ അഭിനന്ദിക്കുന്നതായും ബഹിരാകാശ – ചൊവ്വാ ഗവേഷണത്തിന്റെ പുതിയ തുടക്കമാണു ഖലീഫാസാറ്റിന്റെ വിജയമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.