മദീന- ബന്ധുനിയമന വിവാദത്തിൽ കഴമ്പില്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പ്രൊ.എ.പി അബ്ദുൽവഹാബ്. ചെർക്കളം അബ്ദുള്ള ചെയർമാൻ ആയിരുന്ന കാലത്ത് നിയമിച്ച ജനറൽ മാനേജർ ഹനീഫ പെരിഞ്ചീരിയുടെ യോഗ്യത കേവലം എം.കോം മാത്രമായിരുന്നുവെന്നും സഹകരണവകുപ്പിൽനിന്നും ഡെപ്യൂട്ടേഷനിലായിരുന്നു അന്നും നിയമനമെന്നും വഹാബ് പറഞ്ഞു. അപ്പോഴൊന്നും തെറ്റ് തോന്നാത്ത ലീഗും യു.ഡി.എഫും ഇപ്പോൾ വിവാദമാക്കുന്നതിൽ രാഷ്ട്രീയമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം ന്യൂസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽവന്ന ശേഷം പലപ്രാവശ്യം പുതിയ ജനറൽ മാനേജർക്കായി പരസ്യം നൽകിയിരുന്നു. ചുരുങ്ങിയ അപേക്ഷകർ മാത്രമാണ് ഉണ്ടായിരുന്നത്. യോഗ്യതയുള്ളവരും കുറവായിരുന്നു. ഏറ്റവും യോഗ്യതയുള്ള വ്യക്തിയെ തന്നെയാണ് തിരഞ്ഞെടുത്തതെന്നും വഹാബ് പറഞ്ഞു.