അബുദാബി എയർപോർട്ടിലെ ജോലി ഉപേക്ഷിച്ച് പന്ത്രണ്ടു വർഷം 'ഊദി'ന്റെ ചരിത്രം തേടി 26 രാജ്യങ്ങളിലൂടെ ഗവേഷണൗൽസുക്യത്തോടെഅലഞ്ഞ്, ഒടുവിൽ കേരളത്തിലെ ഏറ്റവും വലിയ ഊദ് തോട്ടത്തിന് വിത്ത് പാകിയ പാലക്കാട് കൂറ്റനാട്ടെ ഷംസുദ്ദീൻ കോട്ടപ്പാടത്തിന്റെ കഥ
അതീവ സുന്ദരിയായ ശേബാ രാജകുമാരിയും തോഴിമാരും മരുപ്പാതകൾ താണ്ടി യെരൂശലേമിൽ സോളമൻ രാജാവിനെത്തേടി ഒട്ടകപ്പുറമേറി വരുമ്പോൾ പൊന്നും വജ്രവും സുഗന്ധദ്രവ്യങ്ങളുമടങ്ങിയ അമൂല്യമായ ഉപഹാരങ്ങളും കൊണ്ടുവന്നു. കൊട്ടാര വാതിൽ തുറന്ന് സോളമൻ രാജാവ് പുറത്തിറങ്ങിയപ്പോൾ വെണ്ണക്കൽ ശിൽപം പോലെ മുന്നിൽ ശേബ. അവരുടെ കൈയിലെ സുഗന്ധദ്രവ്യം അന്നേരം രാജാവിന്റെ മനം മയക്കി. രാജധാനിയാകെ അപൂർവ പരിമളം പരന്നു. ആ സുഗന്ധ ദ്രവ്യമായിരുന്നു ഊദ്. ഊദിന്റെ ഉന്മത്തമായ സൗരഭ്യം രാജപരിണയത്തിന് കാരണമായെന്ന് ഇതിഹാസം. ലോകത്ത് ഏറ്റവുമധികം വിലയേറിയ സുഗന്ധോൽപന്നമായ അഗർവുഡ് എന്നറിയപ്പെടുന്ന ഊദിന് ദൈവത്തിന്റെ വൃക്ഷം എന്ന് കൂടി പര്യായമുണ്ട്. ശരീരത്തെയും ആത്മാവിനെയും ആസ്വാദ്യമാക്കുന്ന സുഗന്ധപൂരിതമായ ഊദിന്റെ ചരിത്രം തേടി 26 രാജ്യങ്ങളിലൂടെ അലയുകയും ഊദ് ഗവേഷണത്തിന്റെ അനന്ത സാധ്യതയ്ക്ക് വെള്ളവും വളവും നൽകുകയും ചെയ്ത സംഭവ ബഹുലമായ കഥയാണ് പാലക്കാട് കൂറ്റനാട് സ്വദേശി ഷംസുദ്ദീൻ കോട്ടപ്പാടത്തിന്റേത്. ഇന്നിപ്പോൾ കേരളത്തിലെ ഏറ്റവും വലിയ ഊദ് കൃഷിക്കാരനും ഇദ്ദേഹം തന്നെ. ഉംറ നിർവഹിക്കാനെത്തിയ ഷംസുദ്ദീൻ ഊദിനോടുള്ള ഒരു വ്യാഴവട്ടം നീണ്ട തന്റെ പ്രണയ സുരഭിലമായ കഥ മലയാളം ന്യൂസുമായി പങ്കുവെക്കുന്നു.
പത്താം ക്ലാസുകാരനായ ഷംസുദ്ദീൻ 1993 ൽ യു.എ.ഇയിലെത്തി. ഉപജീവനത്തിന്റെ ആദ്യപാഠം അബുദാബി മാർത്തോമാ പള്ളിയിൽ. തന്റെ വിശ്വാസത്തിന് ഉലച്ചിലൊന്നും തട്ടാത്ത വിധത്തിൽ അബുദാബി പള്ളിയിലെ കപ്യാർ പണിയാണ് ആ യുവാവിന് കിട്ടിയത്. ക്രൈസ്തവനല്ലാത്ത ഒരാൾ ക്രിസ്ത്യൻ പള്ളിയിലെ കപ്യാരായ അപൂർവ ചരിത്രം. ഒരു വർഷത്തിനു ശേഷം അബുദാബി എയർപോർട്ടിൽ ജോലി കിട്ടി. മൂത്ത സഹോദരൻ മൊയ്തീൻകുട്ടി അന്ന് അബുദാബി കിരീടാവകാശിയുടെ കൊട്ടാരത്തിലെ മുഖ്യ പാചകക്കാരനായിരുന്നു. വാരാന്ത്യങ്ങളിൽ കൊട്ടാരത്തിൽ മജ്‌ലിസുകൾ നടക്കുമ്പോൾ ജ്യേഷ്ഠനെ സഹായിക്കാൻ ഷംസുവും പോകാറുണ്ട്. മജ്‌ലിസുകളിൽ വിളമ്പുന്ന വിഭവ സമൃദ്ധമായ ഭക്ഷണത്തിന്റെ രുചിയേക്കാൾ, അവിടെ സദാ പുകയ്ക്കുന്ന ഊദിന്റെ സുഗന്ധച്ചുരുളുകളാണ് ഷംസുദ്ദീനെ ഉന്മേഷവാനാക്കിയത്. അത്യപൂർവമായ സൗരഭ്യം തന്നെ ഉന്മാദിയാക്കി എന്ന് പറയുന്നതാകും ശരിയെന്ന് ഷംസുദ്ദീൻ. രാജകീയമായ ധൂപക്കൂട്ടിലെ സുഗന്ധവാഹിയായ പുക ഷംസുദ്ദീന്റെ ഉറക്കം കെടുത്തി. അറബ് സുഹൃത്തുക്കളിൽ നിന്ന് ഊദിന്റെ കഥ കേട്ടറിഞ്ഞപ്പോൾ ജോലി ഉപേക്ഷിച്ച് ഊദ് മരങ്ങളുടെ ചരിത്രപ്പൊരുൾ തേടിയിറങ്ങി. ഊദ് കഥകളുടെ വേര് അന്വേഷിച്ച് ആദ്യം പോയത് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ. അസമിൽ നിന്നായിരുന്നു അന്ന് അറേബ്യൻ നാടുകളിലേക്ക് ഊദ് പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്.
പിന്നാലെ ഇന്തൊനേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം, ഹോങ്കോംഗ്, മലേഷ്യ, ലാവോസ്, തായ്‌വാൻ എന്നിവിടങ്ങളിലും മഡഗാസ്‌കർ, മൊറോക്കോ എന്നിവിടങ്ങളിലുമുൾപ്പെടെ 26 രാജ്യങ്ങളിലൂടെ സഞ്ചാരം. 12 വർഷത്തെ അലച്ചിലിനു ശേഷം ബാഗേജ് അലവൻസ് കൊടുത്ത് കൂടെ കൊണ്ടു പോന്ന കിഴക്കനേഷ്യയുടെ ഊദ് ചെടി നാട്ടിൽ തനിക്കവകാശപ്പെട്ട സ്വന്തം ഭൂമിയിൽ നട്ടുപിടിപ്പിച്ചു. കൂറ്റനാട്ടെ തന്റെ അഞ്ചേക്കറിലാകെ ഊദ് ചെടികൾ പടർന്ന് പന്തലിച്ചു. പതിനേഴ് ജനുസ്സുകളുള്ള ഊദ് ചെടികളിൽ മുന്തിയ ഇനമായ ക്രസ്‌നയുടെ ആദ്യവിളവെടുപ്പ് കെങ്കേമമായി മൂന്നു വർഷത്തിനു ശേഷം ആഘോഷിച്ചു. അന്താരാഷ്ട്ര ബഹുമതി നേടിയ പ്രമുഖ കാർഷിക ഗവേഷകൻ ഡോ. അഹമ്മദ് ബാവപ്പ ഇക്കാര്യത്തിൽ ആവശ്യമായ സാങ്കേതിക സഹായം ഷംസുവിന് നൽകി.
ഇതോടെ ഊദിന് ഔദ്യോഗിക അംഗീകാരം കിട്ടി. കൂറ്റനാട് ജുമാ മസ്ജിദ് വളപ്പിലും ഊദ് ചെടികൾ നട്ടു. പിന്നീട് കുറ്റിപ്പുറത്തിനടുത്ത് അഗർവുഡ് കേരള എന്ന കമ്പനിയുടെ ബാനറിൽ ഊദ് തോട്ടം വിപുലീകരിച്ചു. എല്ലാ താലൂക്കുകളും കേന്ദ്രീകരിച്ച് ഊദ് സെമിനാറുകൾ നടത്തി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെയും പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെയും പ്രത്യേക താൽപര്യ പ്രകാരം ഇന്തൊനേഷ്യയിൽ നിന്നും മറ്റുമുള്ള ഊദ് കൃഷി വിദഗ്ധരെ പങ്കെടുപ്പിച്ച് രണ്ടു ഊദ് മേളകൾ ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയത് സർക്കാർ തലത്തിലുള്ള അംഗീകാരത്തിനും സഹായകമായി. മർകസിന്റെ കീഴിലുള്ള കോഴിക്കോട് കൈതപ്പൊയിലിലെ നോളജ് വില്ലേജിന്റെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടത് അറബികളുൾപ്പെടെയുള്ള അമ്പത് അതിഥികൾക്ക് ഷംസുദ്ദീൻ നട്ടുപിടിപ്പിച്ച അമ്പത് ഊദ് ചെടികൾ കൈമാറിക്കൊണ്ടായിരുന്നു.
ഊദിൽ നിന്നുള്ള അത്തർ, ഓയിൽ, മാലകൾ, ബ്രേയ്‌സ്‌ലറ്റുകൾ, ഊന്നുവടികൾ എന്നിവ ഷംസുദ്ദീന്റെ അഗർവുഡ് കമ്പനിയിൽ നിർമിക്കുകയും വിദേശങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. ഊദിനെക്കുറിച്ചുള്ള നിരവധി അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുത്തിട്ടുള്ള ഷംസുദ്ദീന് ദമാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ ഇന്ത്യൻ ഊദിന്റെ വിപണനസാധ്യതകളെക്കുറിച്ചുള്ള നിരവധി അന്വേഷണങ്ങൾ ലഭിച്ചതായും ഷംസുദ്ദീൻ പറഞ്ഞു. ഊദിന്റെ ചരിത്രം തേടിയിറങ്ങവേ കണ്ടെത്തിയ ചില ഗവേഷണ ഫലങ്ങളുടെ സുഗന്ധ ഭരിതമായ കഥകളും ഈ ഊദ് പ്രേമി പങ്കുവെച്ചു.
'ഫിയാലോഫോറ പാരസൈറ്റിക്ക' എന്ന ഒരു പൂപ്പൽ അക്വിലേറിയ എന്ന രാസനാമമുള്ള മരത്തിൽ പറ്റിപ്പിടിക്കുമ്പോൾ അത് സുഗന്ധമുള്ള ഒരു പദാർഥം ഉൽപാദിപ്പിക്കുന്നു. അതാണ് ഊദ് ആയി രൂപാന്തരപ്പെടുന്നത്.
ഊദിന്റെ അവാച്യ സുഗന്ധം ഏറെ പ്രസിദ്ധമാണ്. ഊദ് എണ്ണ വില കൂടിയതും വലിയ ഡിമാന്റുള്ളതുമാണ്. അസാധാരണമായി കാണുന്നതും അപൂർവമായി കൃഷി ചെയ്യുന്നതുമായ ഊദ് എണ്ണയാണ് ലോകത്ത് ഏറ്റവും വില കൂടിയ എണ്ണയെന്ന് കൂടി അറിയുക.
ലോകത്തിൽ ഊദിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ളത് അറേബ്യൻ നാടുകളിലാണ്. പെർഫ്യൂംസ്, മരുന്ന് തുടങ്ങിയവയായും ഊദ് ഉപയോഗിക്കുന്നു. അറബികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഊദ് ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്.
ഊദ് ഒരു കിലോ (കാതൽ) 25,000 രൂപ മുതൽ ഊദ് ഓയിലിന് ഒരു കിലോക്ക് ഗ്രേഡ് അനുസരിച്ച് അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയും വിലയുണ്ട്. ഊദ് മരത്തിന്റെ ഇല, കായ്കൾ എന്നിവയാണ് മരുന്നായി ഉപയോഗിക്കുന്നത്.
മുൻകാലങ്ങളിൽ, പോസിറ്റീവ് എനർജിയെക്കുറിച്ചോ മാനസിക രോഗങ്ങളെക്കുറിച്ചോ വൈദ്യശാസ്ത്രം സിദ്ധാന്തങ്ങൾ ഉണ്ടാക്കുന്നതിനും മുമ്പ് ഒരു തടിക്കഷ്ണം പുകച്ചാൽ മനസ്സിനും ശരീരത്തിനും ഉന്മേഷം കിട്ടുമെന്ന് നമ്മുടെ പൂർവികർ കണ്ടുപിടിച്ചു. ആ തടിക്കഷ്ണമാണ് ഊദായി നമുക്കു മുന്നിലിരിക്കുന്നത്.
കാഴ്ചയിൽ ഊദ് ചിതലെടുത്ത മരക്കഷ്ണം പോലെ തോന്നും. ഒരു പ്രത്യേക ഗന്ധവുമുണ്ടാകും. ഭാരം നന്നേ കുറവ്. കനലിലിട്ടാൽ കുന്തിരിക്കം പോലെ പുകയും. ഉന്മത്തമായ സുഗന്ധം പരക്കും. ആ സുഗന്ധമേറ്റാൽ മനസ്സിൽ ഊർജം നിറയും. രോഗം മാറുമെന്ന വിശ്വാസം. അങ്ങനെ ചരിത്രാതീത കാലം മുതൽ കടന്നുവന്ന അത്ഭുതമായി നമുക്കു മുന്നിലിരിക്കുകയാണ് ഊദ്.
ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, കംബോഡിയ, ലാവോസ്, തായ്‌ലാന്റ്, മലേഷ്യ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളിലാണ് ഊദിന്റെ കൃഷിയും ഉൽപാദനവുമുള്ളത്. ഇന്ത്യയിൽ, അസം, നാഗാലാന്റ്, മണിപ്പൂർ, മിസോറം എന്നീ സ്ഥലങ്ങളിലുള്ള വനമേഖലകളിലാണ്
ഏറ്റവും കൂടുതൽ ഊദ് മരങ്ങൾ കണ്ടുവരുന്നത്, തിബത്തുകാർ പൗരാണിക കാലം മുതൽ പ്രാർഥിക്കാൻ ഊദ് പുകക്കുമായിരുന്നു. പ്രാർഥന മനസ്സിന് ഊർജം പകരുമ്പോൾ ഊദിന്റെ സുഗന്ധം ആത്മീയമായ ഉണർവു നൽകുമെന്ന് ബുദ്ധമതം പറയുന്നു. ആയുർവേദം, യൂനാനി, തിബത്തൻ, ചൈനീസ് പാരമ്പര്യ ചികിത്സാ രീതികൾ എന്നിവയിൽ മാനസിക പ്രശ്‌നങ്ങൾക്കുള്ള പ്രധാന ഔഷധമായി പറയുന്നത് ഊദാണ്.
എട്ടാം നൂറ്റാണ്ടിൽ ഈജിപ്തിൽ മൃതദേഹങ്ങൾ മമ്മിയാക്കാനും ഊദ് വാറ്റിയ തൈലം ഉപയോഗിക്കാറുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധ ഭിക്ഷുക്കളും സൂഫി വര്യന്മാരും ഊദ് ഉപയോഗിച്ചിരുന്നു.
ജപ്പാനിൽ നടത്തിയ ശാസ്ത്രീയമായ പരീക്ഷണങ്ങളിൽ ചില പ്രത്യേക ഔഷധ ഗുണങ്ങൾ ഊദിനുണ്ടെന്നു കണ്ടെത്തി. ഊദ് മാനസികമായി ഉണർവും ശാന്തിയും നൽകുകയും മാനസിക സംഘർഷം ഇല്ലാതാക്കുകയും ചെയ്യുന്നു. നെഗറ്റീവ് എനർജി മനുഷ്യ ശരീരത്തിൽനിന്നും ഇല്ലാതാവുന്നു. ഇത് ആത്മവിശ്വാസം വർധിപ്പിക്കുകയും ഉത്സാഹം കൂട്ടുകയും ചെയ്യുന്നുവെന്ന് ചരിത്രം.
നാഡീസംബന്ധമായ അവ്യവസ്ഥകൾ പരിഹരിക്കുന്നതോടൊപ്പം ശരീരത്തിലെ നാഡീഞരമ്പുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു. അപസ്മാരം, സന്ധിവാതം, പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങൾ, ശ്വസന സംബന്ധിയായ പ്രശ്‌നങ്ങൾ, ആസ്ത്മ, കാൻസർ, കരൾ രോഗം, വാർധക്യ പ്രശ്‌നങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഊദ് മരുന്നായി ഉപയോഗിച്ചിരുന്നു. വിവിധ ത്വക്‌രോഗങ്ങൾക്ക് ഇന്നും അറബികൾ ഊദ് പുകക്കുകയാണ് ചെയ്യുന്നത്. ഊദ് പുകയ്ക്കുന്ന ആരാധനാലയങ്ങൾ ആത്മീയത മാത്രമല്ല ഒരാളിന്റെ ശരീരത്തെയും മനസ്സിനെയും സ്വാധീനിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
മനസ്സിനെ നിയന്ത്രിക്കാനും ചിത്തഭ്രമം പോലും ഇല്ലാതാക്കാനും ഊദിനു കഴിയുമെന്ന് വിശുദ്ധ ഗ്രന്ഥങ്ങൾ പറയുന്നു. അറബികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഊദ്. വീട്ടിലായാലും പൊതുസ്ഥലങ്ങളിലായാലും ഊദ് പുകച്ചുകൊണ്ടാണ് ഇവർ ഒരു ദിവസം തുടങ്ങുന്നത്. ഊദിന്റെ അത്തറേ ഒട്ടുമിക്ക അറബികളും ഉപയോഗിക്കാറുള്ളൂ.
ഒരു തോല (11.6 ഗ്രാം) ഊദിന്റെ അത്തറിന് ആയിരങ്ങൾ വിലവരും. മരത്തിന്റെ കാലപ്പഴക്കത്തിനനുസരിച്ച് ഊദിന്റെ വില നിശ്ചയിക്കുന്നത്. ആറായിരം മുതൽ പത്തു ലക്ഷം വരെ വിലയുള്ള ഊദ് വിൽപനക്കായുണ്ട്.
ഇത്രയും ആദായമുള്ള ഈ മരം നമ്മുടെ നാട്ടിലും നല്ല രീതിയിൽ നട്ടുവളർത്തി ലാഭമെടുക്കാം. ഏകദേശം മുപ്പത് വർഷം വരെ പ്രായമുള്ള ഊദ് മരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്.
പ്രകൃത്യാ ഊദ് മരം സുഗന്ധദ്രവ്യമായി കിട്ടാൻ ശരാശരി 25 മുതൽ 50 വർഷം വരെ വളർച്ച ആവശ്യമുണ്ട്. ഇതിനേക്കാൾ പ്രാധാന്യമുണ്ട് ഊദ് മരം തുളക്കുന്ന ഒരു തരം വണ്ടിന്റെ സാന്നിധ്യം.
നാൽപതു വർഷത്തിലേറെ പഴക്കമാകുമ്പോൾ ഊദ് മരത്തിന്റെ തൊലി പൊട്ടി ഒരു ദ്രാവകം പുറത്തേക്കു വരും. ഈ ദ്രാവകത്തിനു പ്രത്യേക സുഗന്ധമുണ്ട്. ഇതു പ്രത്യേക തരം വണ്ടുകളെ മരത്തിലേക്ക് ആകർഷിക്കുന്നു. ഈ വണ്ടുകളാണ് യഥാർഥത്തിൽ ഊദ് ഉണ്ടാക്കുന്നത്. ഊദ് മരത്തിലെത്തിയാൽ ഈ വണ്ടുകൾ തേനീച്ചകളെപ്പോലെ കൂടുകൂട്ടാൻ തുടങ്ങും. മരം തുളച്ച് കാതലിനുള്ളിലാണ് ഇവയുടെ സഹവാസം. ഈ വണ്ടുകൾ ഉൽപാദിപ്പിക്കുന്ന ഒരു തരം എൻസൈം ഊദ് മരത്തിൽ ഒരു തരം പൂപ്പൽ ബാധയുണ്ടാക്കുന്നു. മാത്രമല്ല, ഊദ് മരത്തിൽ കാതൽ രൂപപ്പെടുന്നു. ഈ പ്രക്രിയ പൂർത്തിയാകുമ്പോൾ ഊദ് മരം വലിയ ചിതൽപ്പുറ്റു പോലെയാവും. ഈ മരക്കഷ്ണങ്ങളാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധദ്രവ്യമായ ഊദ് ആയി മാറുന്നത്.
ഊദ് ധൂപക്കൂട്ടുകളിൽ ഭൗമഗന്ധം കലർത്താനും ഊദ് ഉപയോഗിക്കാറുണ്ട്. വിവിധയിനം സുഗന്ധ ലേപനങ്ങളിലും ദന്തധാവനക്കുഴമ്പുകളിലും ലോഷനുകളിലും ഇതര സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും അത് ഉപയോഗിക്കാറുണ്ട്.
ഊദ് ചായ ശരീരത്തിലടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിന്റെ ശേഖരം കുറയ്ക്കാൻ സഹായിക്കും. പൊണ്ണത്തടിക്കും അമിത ശരീര ഭാരത്തിനും വ്യക്തമായ പരിഹാരമാണ് ഊദ് ചായ. ഊർജസ്വലതയും ഓജസ്സും വർധിപ്പിക്കുവാനുള്ള ഊദിന്റെ ശേഷി പ്രസിദ്ധാണ്.
അറബി ഭാഷയിൽ ഊദ് എന്നും ബൈബിളിൽ അലോസ് വുഡ് എന്നും ഹിന്ദു പുരാണങ്ങളിൽ കൃഷ്ണ ഗുരു എന്നും പ്രതിപാദിച്ചിട്ടുള്ള ഊദിന് ഈഗിൾ വുഡ് എന്ന ഒരു പേര് കൂടിയുണ്ട് ഊദ് ചെടികളുടെ ഇലകൾ കടും പച്ച നിറത്തിലും എണ്ണമയമുള്ളതുമാണ്. ഇല നെടുകെ പൊട്ടിച്ചാൽ ഒരു തരം നൂലുകൾ വലിയുന്നത് കാണാൻ കഴിയും, ഇത് ഊദ് മരത്തിനെ തിരിച്ചറിയാനുള്ള ഒരു പ്രധാന അടയാളമാണ്.