കൊച്ചി- ശബരിമലയിലും പരിസരത്തും മാധ്യമ പ്രവര്‍ത്തകരെ തടയുന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പോലീസ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാതൊരു വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടില്ല. മതിയായ സുരക്ഷ ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നതിനാലാണ് ഇപ്പോഴത്തെ നിയന്ത്രണം. ശബരിമലയിലും പരിസരത്തും സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രേവശനം അനുവദിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരുടേയും ഭക്തരുടേയും സുരക്ഷയും താല്‍പര്യവും കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ മാസം തീര്‍ത്ഥാടന വേളയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക ആക്രമണം ഉണ്ടായി. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയുന്നതിന് പോലീസ് സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മാധ്യമ സ്വാതന്ത്ര്യം വിലക്കാന്‍ പോലീസ് ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചിട്ടുള്ളതെന്നും ബെഹ്‌റ വ്യക്തമാക്കി. നേരത്തെ പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.