വനിതാ മാധ്യമ പ്രവര്‍ത്തകരെ അയക്കരുതെന്ന് പത്രങ്ങളോട് കര്‍മ സമിതി
പത്തനംതിട്ട- ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട നാളെ തുറക്കാനിരിക്കെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനുള്ള സാധ്യത കണക്കിലെടുത്ത് നിലയ്ക്കല്‍ മുതല്‍ സുരക്ഷ ശക്തമാക്കും.
ആവശ്യമെങ്കില്‍ സന്നിധാനത്ത് വനിതാ പോലീസിനെ വിന്യസിക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്. സന്നിധാനത്ത് 50 വയസ്സ് കഴിഞ്ഞ 30 വനിതാ പോലീസുകാരെ നിയോഗിക്കാനാണ് തീരുമാനം. എസ.ഐ,സി.ഐ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. നിരോധനാജ്ഞ നിലവില്‍ വന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. സുരക്ഷയുടെ ഭാഗമായി ഇലവുങ്കലില്‍ മധ്യമപ്രവര്‍ത്തകരേയും തടയുന്നുണ്ട്. നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെ മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്.
എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ 1200 ഓളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ഥാടകരെ കടത്തിവിടില്ല. രേഖകള്‍ പരിശോധിച്ച ശേഷമേ തീര്‍ത്ഥാടകരെ കടത്തിവിടൂ. തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു. അതിനിടെ, ശബരി മലയിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ അയക്കരുതെന്ന് യുവതീ പ്രവേശനത്തിനെതിരെ രംഗത്തുള്ള സമരക്കാര്‍ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ശബരിമല കര്‍മ സമിതിയാണ് മാധ്യമ സ്ഥാപനങ്ങള്‍ക്ക് തുറന്ന കത്തെഴുതിയത്.