തിരുവനന്തപുരം - തുലാവർഷത്തിന്റെ വരവറിയിച്ച് തെക്കൻ കേരളത്തിൽ മഴ ശക്തമായി. തിരുവനന്തപുരത്ത് മൂന്ന് അണക്കെട്ടുകൾ തുറന്നു. ഇടിയോട് കൂടിയ മഴ ഒരാഴ്ച തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒക്ടോബർ പകുതിയോടെ ആരംഭിക്കേണ്ട തുലാവർഷം 15 ദിവസത്തോളം വൈകിയാണ് സംസ്ഥാനത്തെത്തിയത്. കഴിഞ്ഞ ദിവസം രാത്രി തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ തുലാമഴ ലഭിച്ചു. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴ പലയിടങ്ങളിലും തുടരുകയാണ്. അഗസ്ത്യ വനത്തിൽ നിന്നുള്ള നീരൊഴുക്ക് വർധിച്ചതിനാൽ നെയ്യാർ ഡാമിലെ ജലനിരപ്പ് 84 അടിയിലേറെയായി. തുടർന്ന് രാവിലെ നാല് ഷട്ടറുകൾ തുറന്നു. അരുവിക്കര അണക്കെട്ടിലെ രണ്ടും പേപ്പാറ അണക്കെട്ടിലെ ഒരു ഷട്ടറും തുറന്നിട്ടുണ്ട്. നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റും ആവർത്തിച്ചുള്ള ന്യൂനമർദവുമാണ് ഇത്തവണ തുലാവർഷം വൈകാൻ കാരണമായത്. ഡിസംബർ പകുതി വരെയെങ്കിലും തുലാമഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴു മുതൽ 11 സെന്റിമീറ്റർ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.