ഷാര്‍ജ- കവിതയൂറുന്നതായിരുന്നു ആ പ്രസംഗം. കനിമൊഴിയുടെ വാക്കുകളിലുടനീളം നിറഞ്ഞത് കവിതയും പുസ്തകങ്ങളും. രാജ്യാന്തര പുസ്തകോത്സവത്തിന് ഉചിതമായ രീതിയില്‍ കനിമൊഴി തന്റെ ദീര്‍ഘപ്രസംഗം അവസാനിപ്പിച്ചപ്പോള്‍, നീണ്ട കൈയടി.
കനിമൊഴിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയവരില്‍ നല്ലൊരു പങ്ക് യു.എ.ഇയിലെ തമിഴരായിരുന്നു. പരമ്പരാഗത ഷര്‍ട്ടും ധോത്തിയുമണിഞ്ഞാണ് അവരില്‍ മിക്കവരും എത്തിയത്. യൂണിഫോമിട്ട പോലെ ആളുകള്‍ കൂട്ടത്തോടെ എത്തുന്നത് കണ്ട് സംഘാടകര്‍ക്ക് കൗതുകം. നാടിന്റെ പരമ്പരാഗത വസ്ത്രമണിഞ്ഞ് എത്തിയത് കനിമൊഴിയെന്ന നേതാവിനോടുള്ള ആദരവാണെന്ന് മനസ്സിലാക്കിയപ്പോള്‍ അവര്‍ക്കും സന്തോഷം.
അണ്ണാ ദുരൈ മുതല്‍ കരുണാനിധി വരെയുള്ളവരുടെ രാഷ്ട്രീയ ജീവിതത്തില്‍ പുസ്തകങ്ങളുടെ സ്ഥാനം കനിമൊഴി വിവരിച്ചു. ഇടക്ക് കവിത ചൊല്ലി. വിഭാഗീയതക്കും ജാതീയതക്കുമെതിരെ പോരാടാന്‍ വാക്കുകളെ ആയുധമാക്കാന്‍ ആഹ്വാനം ചെയ്തു. കനിമൊഴി പ്രസംഗിച്ചിറങ്ങുന്നതും കാത്ത് വേദിക്കരികില്‍ നിരവധി തമിഴര്‍, കാത്തുനിന്നു. അവരോട് ഒന്നും മിണ്ടാനും പുഞ്ചിരിക്കാനുമായി.
നിര്‍മാണ തൊഴിലാളികളടക്കം നിരവധി തമിഴരാണ് കനിമൊഴിയെ കാണാനെത്തിയത്. കരുണാനിധിയുടെ മകള്‍ക്ക് തമിഴ് മക്കളുടെ ഹൃദയത്തിലുള്ള സ്ഥാനം വെളിപ്പെടുന്നതായിരുന്നു അവരുടെ ആവേശം.